അമ്പലപ്പുഴയിൽ ജി. സുധാകരൻ തരംഗം? അട്ടിമറി വിജയം പ്രതീക്ഷിച്ച് യുഡിഎഫ്

തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. മണ്ഡലത്തിലെ ബൂത്ത് തല കണക്കുകൾ വിശകലനം ചെയ്ത ശേഷം പ്രാദേശിക നേതൃത്വം റിപ്പോർട്ട് കെപിസിസിക്ക് കൈമാറി. 7,000 മുതൽ 10,000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസിന്റെ കേഡർ വോട്ടുകൾ കൃത്യമായി ലഭിച്ചതിനൊപ്പം ബിജെപി, എസ്ഡിപിഐ വോട്ടുകളും സുധാകരന് അനുകൂലമായി മാറിയെന്ന് യുഡിഎഫ് കരുതുന്നു. സിപിഐഎമ്മിലെയും സിപിഐയിലെയും ഒരു വിഭാഗം വോട്ടുകൾ ജി. സുധാകരന് ലഭിച്ചെന്നാണ് പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ നിഗമനം.

അഭിമാന പോരാട്ടം നടന്ന അമ്പലപ്പുഴ കൈവിട്ടു പോകുമോ എന്ന ഭീതിയിലാണ് സിപിഐഎം. ജി. സുധാകരൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ വലിയ കുറവുണ്ടായി. ബിജെപി വോട്ടുകൾ കൂട്ടത്തോടെ സുധാകരന് ലഭിച്ചത് തിരിച്ചടിയായേക്കാം.