‘ജി സുധാകരന്‍റെ ആഗ്രഹം യുഡിഎഫിന്‍റേതല്ല, അമ്പലപ്പുഴയിൽ സ്ഥാനാര്‍ത്ഥിയുണ്ടാകും’ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് കെസി വേണുഗോപാൽ

ആലപ്പുഴ: ഇന്നലെ പ്രധാനമന്ത്രിയുടെ ടൂര്‍ അവസാനിച്ചുവെന്നും അതുകൊണ്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കുറച്ചു കാലങ്ങളായി കമ്മീഷൻ ഇങ്ങനെയാണന്നും തെരഞ്ഞെടുപ്പിന് യുഡിഎഫ് സമ്പൂര്‍ണ സജ്ജമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലാണ്.അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഉണ്ടാകും. ഉണ്ടാവുമോ എന്ന ചോദ്യത്തിന് എന്ത്‌ പ്രസക്തിയാണുള്ളത്. ഇപ്പോള്‍ അമ്പലപ്പുഴയിൽ സ്ഥാനാർഥി ഉണ്ട്. 

അത് ജി സുധാകരൻ ആണോ എന്ന് പറയാൻ ഞാൻ ജ്യോത്സ്യൻ അല്ല. തെരഞ്ഞെടുപ്പ് കാലത്തെ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയാൻ ആവില്ല.ജി സുധാകരന്റെ അഭിപ്രായം അദ്ദേഹത്തോട് ചോദിക്കണം. ജി സുധാകരന്റെ ആഗ്രഹം യുഡിഎഫിന്‍റേതല്ല. പിണറായി വീണ്ടും വരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ല.മൂന്നാമത് പിണറായി എന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാർക്ക് പോലും ചിന്തിക്കാൻ പറ്റുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

എംപിമാര്‍ മത്സരിക്കുന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കമെന്ന് വിഡി സതീശൻ

എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വിഡി സതീശൻ പ്രതികരിച്ചു. കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനോട് സതീശൻ പ്രതികരിച്ചില്ല. കെ സുധാകരന്‍റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പിന് യുഡിഎഫ് സെറ്റാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സർക്കാർ പരസ്യങ്ങൾ കാണേണ്ടി വരില്ലല്ലോ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ നല്ല കാര്യമാണ്. സർക്കാരിന്റെ വെള്ളപൂശൽ ഇനി കാണേണ്ടി വരില്ലല്ലോ. കെ സുധാകരനുമായുള്ള പ്രശ്നങ്ങൾ നാളെ സംസാരിച്ചു പരിഹരിക്കും. ലീഗുമായുള്ള പ്രശ്നങ്ങളും ഉടനെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.