തിരുവനന്തപുരം നഗരത്തിലും പോത്തന്‍കോടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ രണ്ട് ഗുണ്ടാ ആക്രമണങ്ങളിലെ പ്രതികള്‍ പിടിയില്‍. തമ്പാനൂരില്‍ ഇന്നലെ രാത്രി നഗരത്തിലെ കടയില്‍ സാധനം വാങ്ങാനെത്തിയയാളെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ച കേസില്‍ നാല് പേരാണ് പിടിയിലായത്. ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നെയ്യാറ്റിന്‍കര സ്വദേശികള്‍ ആണ്. യുവാവിനെ അക്രമിച്ചതിന് പുറമെ, ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമറിയതിനും കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ രണ്ടു പേരുടെ കൂടി അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.
പോത്തന്‍കോട് മീനാറയില്‍ പ്രവാസിയായ യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിലും രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോത്തന്‍കോട് പൊലീസാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
മീനാറ സ്വദേശി ഷഹനാസിനാണ് മര്‍ദ്ദനമേറ്റത്. രണ്ടു ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘമാണ് ഷഹനാസിനെ വീട്ടില്‍ കയറി ആക്രമിച്ചത്. വൈകിട്ട് നാല് മണിയോടുകൂടിയാണ് ആക്രമണം. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍വച്ചായിരുന്നു ക്രൂര മര്‍ദ്ദനം. ആക്രമണത്തില്‍ ഷഹനാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.