24 മണിക്കൂറും നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗാംഗുലി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നാടിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നയാളാണ് പിണറായി വിജയനെന്നും കേരളം മനോഹരമായ നാടാണെന്നും ഗാംഗുലി പറഞ്ഞു.
മികച്ച സ്റ്റേഡിയവും കാണികളുമുള്ള നാടാണ് കേരളം. നല്ല ഓര്‍മകള്‍ മാത്രമാണ് കേരളം നല്‍കിയിട്ടുള്ളത്. താന്‍ ആദ്യമായി ക്യാപ്റ്റനായത് കേരളത്തിലെ മത്സരത്തിലായിരുന്നെന്നും ഗാംഗുലി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗാംഗുലി.

ലഹരിക്കെതിരേ ഗാന്ധി ജയന്തി ദിനത്തില്‍ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്‌സ് ക്യാംപെയിന്‍ യുവതലമുറയെ നേര്‍വഴിക്കു നയിക്കുന്നതില്‍ പ്രധാനമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിന്റെ ലോഗോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപെയിനിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നു ഗാംഗുലി ഏറ്റുവാങ്ങി. ഗാംഗുലിയാണു ക്യാംപെയിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മികച്ച വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും നല്‍കുന്നതുപോലെതന്നെ പ്രധാനമാണ് അവരെ നേര്‍വഴിക്കു നടത്തുകയെന്നതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്തു കേരളം രാജ്യത്തുതന്നെ ഒന്നാമതാണ്. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ബോധവത്കരണം നല്‍കുന്നതിനായി കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്‌സ് ക്യാംപെയിന്‍ രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും ആവശ്യമുള്ള ഒന്നാണ്. കേരളം മുന്നോട്ടുവയ്ക്കുന്ന ഈ ക്യാംപെയിനിലൂടെ യുവതലമുറയുടെ കഴിവുകളെ നേരായ വഴിയിലൂടെ തിരിച്ചുവിടാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം മനോഹരമാണെന്നു ഗാംഗുലി പറഞ്ഞു. രണ്ടാം തവണയാണു തിരുവനന്തപുരത്ത് എത്തുന്നത്. നഗരത്തിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്‍, എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി, കെ. രാധാകൃഷ്ണന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, വി.എന്‍. വാസവന്‍, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉദ്യോഗസ്ഥര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *