സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 840 രൂപയുടെ വര്‍ധന

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില.

ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.

75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. രണ്ടാഴ്ച കൊണ്ട് 3000ലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.