പൊലീസിനുള്ള ഗുഡ് സര്‍വീസ് എന്‍ട്രി ക്രൂര പരിഹാസം; നിഴലിനെ പേടിക്കുന്ന മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുത്

കോഴിക്കോട് : നവകേരള സദസ്സ് നടന്ന 44 ദിവസവും കേരളത്തിന്റെ തെരുവുകളില്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്കുന്നതു പ്രതിപക്ഷ സമരങ്ങളോടു മുഖ്യമന്ത്രി നടത്തുന്ന ഏറ്റവും വലിയ പരിഹാസമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ജനങ്ങളുടെ സാമാന്യ യുക്തിയെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്. സമരങ്ങളോടുളള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനും നിയമവിരുദ്ധമായി കെഎസ്യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച ഉദ്യോഗസ്ഥനുമൊക്കെയാണു ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നത്. സമരങ്ങളിലൂടെ വളര്‍ന്നുവന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവാണ് ഇപ്പോള്‍ സമരങ്ങളോട് അസഹിഷ്ണുതയും വെറുപ്പും കാട്ടുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പരിഹാസമാണിത്. പൊലീസ് ഉദ്യോഗസ്ഥനോടു കക്കൂസ് കഴുകാന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോള്‍ അത് നോക്കിനിന്ന് ചിരിച്ച്, അയാളെ ഒക്കത്ത് എടുത്തു കൊണ്ടുപോയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. അയാള്‍ക്കു കൂടി ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കണം.
ചാലക്കുടിയില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ പൊലീസ് ജീപ്പ് തകര്‍ത്തപ്പോള്‍ നോക്കിനിന്ന ഉദ്യോഗസ്ഥരും ഗുഡ് സര്‍വീസ് എന്‍ട്രിക്ക് അര്‍ഹരാണ്. നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ അകമ്പടിയിലാണു കേരളത്തിന്റെ മുഖ്യമന്ത്രി സഞ്ചരിച്ചത്. അക്രമം നടത്തിയ പൊലീസുകാര്‍ക്കു ഗുഡ് സര്‍വീസ് എന്‍ട്രി. കേരളീയത്തില്‍ കള്ളപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥനു ട്രോഫി. കാപ്പ പ്രകാരം ജയിലില്‍ അടയ്ക്കേണ്ടവനാണു മുഖ്യമന്ത്രിക്കു കാവല്‍ പോകുന്നത്. മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുത്. കാരണം നിഴലിനെ പോലും പേടിയാണ്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണു പിണറായി വിജയന്.