“പിണറായി സർക്കാരിന് ഗുഡ് ബൈ, കേരളത്തിൽ യുഡിഎഫ് തരംഗം”രമേശ് ചെന്നിത്തല

ഹരിപ്പാട്: മുഖ്യമന്ത്രി പിണറായി വിജയൻ നോട് സംസ്ഥാനത്തെ ജനങ്ങൾ “ഗുഡ് ബൈ” പറയുന്ന ദിനമാണ് ഇന്നെന്ന് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മണ്ണാറശാല യു.പി.എസ് സ്കൂളിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വർഷത്തെ “ഇരുണ്ട ഭരണത്തിന്” വിരാമമിട്ട് ഒരു പുതിയ വെളിച്ചത്തിലേക്ക് കടക്കാനുള്ള ജനവിധിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് അനുകൂല തരംഗമാണുള്ളത്. ജനങ്ങൾ വ്യക്തമായ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കാണുന്ന വലിയ തിരക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാരിനെ പുറത്താക്കാൻ സംസ്ഥാനത്തെ ജനങ്ങൾ ഇതിനകം തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും, ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ പുതിയ രാഷ്ട്രീയ വഴിത്തിരിവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ബിജെപി–സിപിഎം കൂട്ടുകെട്ട് തിരിച്ചറിയുന്നുണ്ടെന്നും, ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള അധാർമിക തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വോട്ടിനായി പണം, സാരി, കിറ്റ് എന്നിവ നൽകുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൂട്ടുകെട്ട് സിപിഎം അവസാനിപ്പിക്കണമെന്നും, ആലപ്പുഴ ജില്ലയിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും, സംസ്ഥാനത്ത് 100-ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു