ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഒക്ടോബര്‍ നാലുവരെ മത്സ്യബന്ധനം പാടില്ല; കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല
ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഒക്ടോബര്‍ നാലുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മുതല്‍ ഒക്ടോബര്‍ നാലുവരെ കോമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും ഇന്ന് ലക്ഷദ്വീപ് പ്രദേശം അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, ആന്ധ്രാ പ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും നാളെ ലക്ഷദ്വീപ് പ്രദേശം അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ഒക്ടോബര്‍ മൂന്നിനും നാലിനും ലക്ഷദ്വീപ് പ്രദേശം അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 12 ന്
സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും, ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് ഒക്ടോബര്‍ 12 ന് യഥാക്രമം രാവിലെ 11 മണിക്കും,11.30 മണിക്കും, എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍(ലൈബൈറി ഹാള്‍) നടത്തും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) പി.ജി.വിനോദ് കുമാര്‍ അഭ്യര്‍ത്ഥിച്ചു.
വയോജന സൗഹൃദമായി പാറശ്ശാല പഞ്ചായത്തും; വയോജന ക്ലബ്ബിന് തുടക്കം
അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജന ക്ലബ്ബിനു തുടക്കം കുറിച്ച് പാറശാല ഗ്രാമപഞ്ചായത്ത്. വയോജന ദിനാഘോഷത്തിന്റെയും വയോജന ക്ലബ്ബിന്റെയും ഉദ്ഘാടനം സി കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
ലോക ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് സി.കെ ഹരീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. 2002ല്‍ കേരളത്തില്‍ വയോജനങ്ങള്‍ 25 ലക്ഷം ആയിരുന്നു. എന്നാല്‍ 2021 ആയപ്പോള്‍ അത് 41 ലക്ഷമായി. ദേശീയ ശരാശരിയില്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിനാഘോഷത്തിന്റെ ഭാഗമായി വയോജനങ്ങളുടെ കലാമേളയും സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും, രക്ത പരിശോധനയും പഞ്ചായത്ത് സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനുതകും വിധം വിവിധ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. വയോജനങ്ങള്‍ക്കായി കട്ടില്‍, ശ്രവണസഹായി, പാലിയേറ്റിവ് കെയര്‍, ജീവിതശൈലി രോഗ നിയന്ത്രണ മൊബൈല്‍ ക്ലിനിക്, ആശ്രയ തുടങ്ങിയ വ്യത്യസ്ത പദ്ധതികളാണ് പാറശ്ശാല ഗ്രാമപഞ്ചായത്ത് നല്‍കിവരുന്നത്.
വയോജന ദിനാഘോഷത്തോടനുബന്ധിച്ച് പാട്ട്, കഥാപ്രസംഗം, നൃത്തം, കവിത പാരായണം, പ്രസംഗം തുടങ്ങി വയോജന സൗഹൃദ കലാപരിപാടികളും പഞ്ചായത്ത് സംഘടിപ്പിച്ചു.
കട്ടേല റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റൊഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍, പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ചുപഠിക്കാന്‍ സൗകര്യങ്ങളുള്ള തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം കട്ടേല ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും സെലക്ഷന്‍ നടത്തുന്നു. ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒക്ടോബര്‍ 10ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാകാവുന്നതാണ്. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രാക്തന ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല. എഴുത്തുപരീക്ഷക്ക് ഹാജരാകുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും രക്ഷിതാക്കള്‍ കൊണ്ടുവരേണ്ടതാണെന്ന് കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712597900, 7025552027.
റിക്രൂട്ട് ട്രെയിന്‍ ആന്‍ഡ് ഡിപ്ലോയ് പ്രോഗ്രാമിന് അപേക്ഷിക്കാം
കേരള നോളജ് ഇക്കോണമി മിഷനും ടാറ്റ, എച്ച്.സി.എല്‍ തുടങ്ങിയ വ്യവസായ പ്രമുഖരുമായി ചേര്‍ന്ന് പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന റിക്രൂട്ട്, ട്രെയിന്‍ ആന്‍ഡ് ഡിപ്ലോയ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ജോലിയോടൊപ്പം BITS PILANI, SASTR മുതലായ മികച്ച സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവും ലഭിക്കും.
2022 സെപ്റ്റംബര്‍ 30 പ്രകാരം 18മുതല്‍ 20 വയസ് വരെയുള്ളവരായിരിക്കണം. 2021/2022ല്‍ കണക്ക്/ ബിസിനസ് മാത്തമാറ്റിക്സ് ഒരുവിഷയമായി 60 ശതമാനം മാര്‍ക്കോടെ PUC/ XII അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് എച്ച് സി എല്ലിലേക്ക് അപേക്ഷിക്കാം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദാംശങ്ങള്‍ അറിയുവാനും അപേക്ഷിക്കാനും https://knowledgemission.kerala.gov.in/login-jobseeker.jsp. എന്ന ലിങ്ക് ഉപയോഗിക്കുക. ഫോണ്‍: 0471-2737883.
വയോജനങ്ങളെ ആദരിച്ചു
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് വയോജനങ്ങളെ ആദരിച്ചു. മുതിര്‍ന്ന സമ്മതിദായകര്‍ക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദേശവും കളക്ടര്‍ കൈമാറി. മുതിര്‍ന്ന പൗരന്മാരുടെ പങ്കാളിത്തം യുവജനങ്ങള്‍ക്ക് മാതൃകയും അവരുടെ അനുഭവങ്ങള്‍ ഉത്തമ ഉദാഹരണങ്ങളുമാണെന്ന് കളക്ടര്‍ പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതരായ വോട്ടര്‍മാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വീല്‍ ചെയര്‍,റാമ്പുകള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, സൗജന്യ യാത്രാ സൗകര്യങ്ങള്‍, വരി നില്‍ക്കാതെ വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശം തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നതായി സന്ദേശത്തില്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഏഴ് വയോജനങ്ങളെ ആദരിച്ചു.
ഗായകര്‍ മുതല്‍ കവയത്രിമാര്‍ വരെയുള്ള ഹരിതകര്‍മ സേന! കിളിമാനൂര്‍ ബ്ലോക്കിലെ ഹരിത സംഗമം വേറിട്ട മാതൃക
വിപുലമായ പരിപാടികളോടെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത സംഗമം. ബ്ലോക്കിനു കീഴിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും നൂറിലധികം ഹരിത കര്‍മ സേനാംഗങ്ങള്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ റിസോര്‍സ് റിക്കവറി ഫെസിലിറ്റി സെന്ററിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച പള്ളിക്കല്‍, നഗരൂര്‍, പുളിമാത്ത് പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീകാന്ത് ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള ക്ലാസ് നയിച്ചു. തുടര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മികച്ച ഗായകരും കവയത്രികളും വരെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജനപ്രതിനിധികള്‍, ബി.ഡി.ഒ ശ്രീജാറാണി, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റ്റി.എസ് നിസാം എന്നിവരും പങ്കെടുത്തു.