ആധാര്‍-വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍: ശനിയും ഞായറും താലൂക്ക്, വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും
ആധാര്‍-വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 24, 25 തിയ്യതികളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ വഴി ഇന്ന് (സെപ്റ്റംബര്‍ 23) ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം, പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങില്‍ ക്യാമ്പ് നടക്കും. ഇന്നലെ ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളേജ്, നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജ, വര്‍ക്കല ശ്രീനാരായണ കോളേജ് എന്നിവിടങ്ങില്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നെടുമങ്ങാട് താലൂക്കിലെ നാരകത്തിന്‍കാല ട്രൈബല്‍ കോളനിയില്‍ സംഘടിപ്പിച്ച ഊരുകൂട്ടത്തില്‍ 158 പേര്‍ ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ റിയാ സിങ് യോഗം ഉദ്ഘാടനം ചെയ്തു.
നേമം മണ്ഡലത്തിലെ കാലടി സ്‌കൂള്‍, ചിറയന്‍കീഴ് മണ്ഡലത്തിലെ ബൂത്ത് 61, എന്‍.എസ്.എസ് കരയോഗ മന്ദിരം, വട്ടിയൂര്‍കാവ് മണ്ഡലത്തിലെ ശാസ്തമംഗലം ആര്‍. കെ. ഡി സ്‌കൂള്‍, വര്‍ക്കല മണ്ഡലത്തിലെ ചാവര്‍കോട് സി.എച്.എം.എം കോളേജ്, നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നെല്ലിമൂട് ന്യൂ ബി.എഡ് കോളേജ്, തിരുവനന്തപുരം ലോ കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, പാറശ്ശാല മണ്ഡലത്തിലെ ശ്രീകൃഷ്ണ ഫാര്‍മസി കോളേജ്, കള്ളിക്കാട് ഹെല്‍ത്ത് സെന്റര്‍, പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങിലും ക്യാമ്പ് സംഘടിപ്പിച്ചു.
ഒന്നേകാല്‍ കോടിയുടെ കെട്ടിടം പണി തുടങ്ങി; സ്മാര്‍ട്ടാവാന്‍ ഉറിയാക്കോട് ഗവ: എല്‍ പി സ്‌കൂളും
പശ്ചാത്തല ഭൗതിക സാഹചര്യങ്ങളില്‍ ഉറിയാക്കോട് ഗവ: എല്‍ പി എസ്സ് ഒരു പടി മുന്നിലേക്ക്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി അരുവിക്കര മണ്ഡലത്തിലെ പൊതുവിദ്യാലങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് എം. എല്‍. എ പറഞ്ഞു. മണ്ഡലത്തില്‍ വിവിധ പദ്ധതികളിലായി 19 സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1911 ല്‍ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച സ്‌കൂളിനെ 1962 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. എല്‍ പി, നഴ്സറി വിഭാഗങ്ങളിലായി 138 കുട്ടികളാണ് ഉറിയാക്കോട് എല്‍പിഎസ്സില്‍ പഠിക്കുന്നത്. ഇരു നിലകളിലായി 369.60 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണിയുന്ന കെട്ടിടത്തില്‍, ആറ് ക്ലാസ്സ് മുറികള്‍ക്ക് പുറമെ ശുചിമുറികളടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. അരുവിക്കര മണ്ഡലത്തിലെ ആറ് സ്‌കൂളുകളെയാണ് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നാലും തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ രണ്ട് സ്‌കൂളുകള്‍ക്കുമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 30 വരെ
കഴക്കൂട്ടം ഗവ: ഐ.ടി.ഐ യില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. രേഖകളും ഫീസും സഹിതം നേരിട്ട് ഹാജരായി ഒഴിവുള്ള ട്രേഡുകളില്‍ പ്രവേശനം നേടാം. വിവരങ്ങള്‍ക്ക് 0471 2418317, 9446272289, 8129714891
വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 20 നുള്ളില്‍ (ആറ് മാസം) ഗ്രാമപഞ്ചായത്തില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലിസ്റ്റില്‍ നിന്നും റദ്ദ് ചെയ്യുമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പില്‍ അഭിമുഖം
തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. പാറശ്ശാല, നെടുമങ്ങാട് എന്നീ ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സര്‍ജന്‍ അഭിമുഖം സെപ്റ്റംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ നടക്കും.പാരാവെറ്റ് അഭിമുഖം സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 2 മണി മുതലും ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 29 ന് രാവിലെ 10 മണി മുതലും നടക്കും.
വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബി.വി.എസ്സി &എ എച്ച് പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://ksvc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-233 0736
കടല്‍ക്ഷോഭം: വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്തു
കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ഏഴ് ക്യാമ്പുകളിലുമായി കഴിഞ്ഞിരുന്ന 284 മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ഏഴ് കുടുംബങ്ങള്‍ക്കും ബന്ധുവീടുകളില്‍ കഴിയുകയായിരുന്ന 45 കുടംബങ്ങള്‍ക്കും ഉള്‍പ്പെടെ 52 കുടംബങ്ങള്‍ക്ക് 5500 രൂപ ധനസഹായം വിതരണം ചെയ്തു. ബാക്കി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
മത്സ്യവില്‍പ്പനയെക്കുറിച്ചു പരാതിയുണ്ടോ? ഫിഷറീസ് കോള്‍ സെന്ററില്‍ അറിയിക്കാം
പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വില്‍ക്കുന്നതും വില്‍പ്പനയ്‌ക്കെത്തിക്കുന്ന മത്സ്യത്തില്‍ മായം കലര്‍ത്തുന്നതുമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടന്‍ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നാണ് പരാതി പരിഹാരം ലഭിക്കുക. മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സ്‌കീമുകളെക്കുറിച്ചുമെല്ലാം ഇവിടെനിന്നു വിവരങ്ങള്‍ അറിയാം. 0471 2525200, 1800 425 3183 (ടോള്‍ ഫ്രീ) എന്ന കോള്‍സെന്റര്‍ നമ്പര്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികള്‍ ഒറ്റ കോളില്‍ അറിയിക്കാമെന്നതുമാണ് കോള്‍ സെന്ററിന്റെ പ്രധാന പ്രത്യേകത. പരാതികള്‍ക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വ രജിസ്‌ട്രേഷന്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ രജിസ്ട്രേഷന്‍, ബോര്‍ഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കോള്‍ സെന്ററില്‍ കൂടുതലും എത്തുന്നത്. അക്വാകള്‍ച്ചര്‍ കൃഷി, ഇതുമായി ബന്ധപ്പെട്ട സ്‌കീമുകള്‍, പി.എം.എം.എസ്.വൈ സ്‌കീമിന്റെ സബ്‌സിഡി വിവരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും നിരവധി കോളുകള്‍ എത്തുന്നുണ്ട്.
2021 ജൂലൈയിലാണ് ഫിഷറീസ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതു അവധി ദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കോള്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. വിശദമായ വിവരങ്ങള്‍ മറുപടിയായി നല്‍കേണ്ട അവസരങ്ങളില്‍ അവ ഇ-മെയില്‍ വഴി നല്‍കുന്നതിനും ഇവിടെ സൗകര്യമുണ്ട്.