സമ്പൂര്‍ണ ശുചിത്വ പദ്ധതി: സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ച് നിര്‍മ്മല ഗ്രാമം – നിര്‍മ്മല നഗരം – നിര്‍മ്മല ജില്ല എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാമൂഹ്യ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരെ സഹകരിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന റിസോഴ്സ് പേഴ്സണ്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തയാറുള്ള സന്നദ്ധപ്രവര്‍ത്തകര്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജില്ലാ ശുചിത്വ മിഷനിലോ, ജില്ലാ പഞ്ചായത്ത് ഓഫീസിലോ അപേക്ഷ നല്‍കണം. ശുചിത്വ മിഷന്: pta.sm@kerala.gov.in, ജില്ലാ പഞ്ചായത്ത് : dpptta@gmail.com.
ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നം. 155/2020) തസ്തികയുടെ 19/08/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും, മുമ്പ് ഒറ്റതവണ പരിശോധന പൂര്‍ത്തിയാക്കാത്തതുമായ ഉദ്യോഗാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 29ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ വണ്‍ ടൈം വെരിഫിക്കേഷന് നടത്തും.
വെരിഫിക്കേഷന് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും, എസ് എം എസ് മുഖേനയും അറിയിപ്പ് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 0468 2222665.
അപേക്ഷ ക്ഷണിച്ചു
വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനില്‍ ഇന്റര്‍സെപ്റ്റര്‍ / റെസ്ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തസ്തിക ഒന്ന്- ബോട്ട് സ്രാങ്ക്: ദിവസവേതനം 1,155 രൂപ. യോഗ്യത- ഏഴാം ക്ലാസ്. 1970 ലെ കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍ പ്രകാരമുള്ള ബോട്ട് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ് / എം.എം.ഡി ലൈസന്‍സ് / മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരമുള്ള ലൈസന്‍സ് / ട്രാവന്‍കൂര്‍ കൊച്ചിന് റൂള്‍ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസന്‍സ്. നേവിയിലും കോസ്റ്റ് ഗാര്‍ഡിലും ബി.എസ്.എഫിന്റെ വാട്ടര്‍ വിങ് സൈനികരായും ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. 5 ടണ്‍/12 ടണ്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ടില്‍ കടലില്‍ ജോലി ചെയ്തുള്ള പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാന്‍ പാടില്ല.
തസ്തിക രണ്ട്- ബോട്ട് ഡ്രൈവര്‍: ദിവസവേതനം 700 രൂപ. യോഗ്യത- ഏഴാം ക്ലാസ്. കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍ ലൈസന്‍സ് അല്ലെങ്കില്‍ എം.എം.ഡി ലൈസന്‍സ്. നേവി കോസ്റ്റ് ഗാര്‍ഡ് ബി.എസ്.എഫിന്റെ വാട്ടര്‍ വിങ് എന്നിവിടങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. 5 ടണ്‍/ 12 ടണ്‍ ഇന്റര്‍സെപ്ടര്‍ ബോട്ട് കടലില്‍ ഓടിച്ചുള്ള മൂന്നുവര്‍ഷത്തെ പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാന്‍ പാടില്ല.
തസ്തിക മൂന്ന്- ബോട്ട് ലാസ്കര്‍: ദിവസവേതനം 645 രൂപ. യോഗ്യത-ഏഴാം ക്ലാസ്. പോര്‍ട്ട് വകുപ്പ് നല്കുന്ന ബോട്ട് ലാസ്കര്‍ ലൈസന്‍സ്. 30/06/2022 ന് 18-40 പ്രായപരിധിയില്‍ ഉള്ളവരായിരിക്കണം. തസ്തികകളിലേക്കുള്ള ശാരീരികക്ഷമത- ഉയരം 5 അടി 4 ഇഞ്ച്, നെഞ്ചളവ് 31” – 32 1/2′. കാഴ്ചശക്തി- ദൂരക്കാഴ്ച 6/6, സമീപ കാഴ്ച – 0/5, വര്‍ണാന്ധത, നിശാന്ധത, കോങ്കണ്ണ് തുടങ്ങിയവ ഉണ്ടാവാന്‍ പാടില്ല.
അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരീക്ഷയില്‍ വിജയിക്കേണ്ടതാണ്. ശാരീരിക, മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ത്രീകള്‍, വികലാംഗര്‍, രോഗികള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ സെപ്റ്റംബര്‍ 30ന് രാവിലെ എട്ടിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. നിയമനം പരമാവധി 89 ദിവസത്തേക്കായിരിക്കും.
സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ട
സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിറ്റലൈസേഷന് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് ജൂണില്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചിരുന്നു.
ജില്ലയിലെ ബാങ്കിംഗ് മേഖലയില്‍ കൈവരിച്ച നേട്ടത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളെ ആന്റോ ആന്റണി എംപി അഭിനന്ദിച്ചു. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും എംപി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. വിദ്യാഭ്യാസ വായ്പ അപേക്ഷയില്‍ തീരുമാനം നീണ്ടു പോകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ബാങ്കുകള്‍ കടുംപിടുത്തം ഉപേക്ഷിച്ച് ജില്ലതല ബാങ്കിംഗ് അവലോകന സമിതി തീരുമാനങ്ങള്‍ നടപ്പാക്കണം. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ച കാനറ ബാങ്കിനെ എംപി അഭിനന്ദിച്ചു. പത്തനംതിട്ടയെ സംരംഭകത്വ ജില്ലയായി മാറ്റുന്നതിനായി ബാങ്കുകളുടെ ഭാഗത്ത് നിന്നും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും എംപി പറഞ്ഞു.
ജില്ല കൈവരിച്ച സമ്പൂര്‍ണ ബാങ്കിംഗ് ഡിജിറ്റലൈസേഷന് നേട്ടത്തിലൂടെ മറ്റ് മേഖലകളിലും സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമായി സാധ്യമാകുമെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പാ അദാലത്ത് നവംബര്‍ ആദ്യത്തോടെ ജില്ലയില്‍ നടത്തും. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ബാങ്കുകള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പദ്ധതികളും പിന്തുണയും അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു
ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം 2046 കോടി രൂപ മുന്‍ഗണന വായ്പകള്‍ നല്കി. കാര്‍ഷിക വായ്പ വിതരണം 34 ശതമാനവും വ്യാവസായിക വായ്പകള്‍ 56 ശതമാനവും വിതരണം ചെയ്തു. ഇക്കാലയളവില്‍ ജില്ലയിലെ ബാങ്കുകളുടെ മൊത്തം നിക്ഷേപം 55200 കോടി രൂപയും ആകെ വായ്പകള്‍ 15580 കോടി രൂപയും വായ്പ നിക്ഷേപ അനുപാതം 28.22 ശതമാനവും ആണ്.
ആര് ബി ഐ ലീഡ് ജില്ലാ ഓഫീസര്‍ മിനി ബാലകൃഷ്ണന്, നബാര്‍ഡ് ഡിഡിഎം റെജി വര്‍ഗീസ്, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്ബിഐ ആര്‍എഎസ്എംഇസി എജിഎം സ്വപ്നരാജ്, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫുള്‍ ടൈം കീപ്പര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫുള്‍ ടൈം കീപ്പര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 17ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.