റോഡ് പരിശോധനക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥിരമായ റോഡ് പരിപാലന പരിശോധനക്കുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിലവില്‍ പ്രത്യേക സംഘം ജില്ലകളില്‍ പരിശോധന നടത്തി വരികയാണ്. ഈ ടീം പരിശോധനക്ക് ശേഷം നല്‍കുന്ന റിപ്പോര്‍ട്ട് വിലയിരുത്തിയാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ചുമതലയുള്ള റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഫീല്‍ഡില്‍ പോയി പരിശോധന നടത്തണം എന്ന പ്രധാന ഉത്തരവാദിത്തം നിര്‍വ്വഹിക്കുവാന്‍ ഈ സംവിധാനം കൊണ്ട് ഭാവിയില്‍ സാദ്ധ്യമാകുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സംഘത്തിന്റെ പരിശോധന വെളളിയാഴ്ചയും തുടര്‍ന്നു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ജില്ലകളില്‍ രണ്ട് ടീമായി മാറിയാണ് പരിശോധന. ഈ ജില്ലകളില്‍ റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തിയ റോഡുകളില്‍ നിലവില്‍ നടത്തിയ പ്രവൃത്തി സംഘം പരിശോധിച്ചു. റോഡുകളുടെ നിലവിലുള്ള സ്ഥിതിയും സംഘം വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്. കാസര്‍ഗോഡ്, പാലക്കാട്, കോട്ടയം, വയനാട് ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തും. വകുപ്പിലെ നോഡല്‍ ഓഫീസര്‍ ചുമതലയിലുള്ള ഐ.എ.എസ് ഓഫീസര്‍മാര്‍, ചീഫ് എന്‍ജിനിയര്‍മാര്‍, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്. ഇതോടൊപ്പം ക്വാളിറ്റി കണ്‍ട്രോള്‍ വിംഗിലെ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലുണ്ട്. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഈ സംഘം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും.
ഗവേഷണം പ്രോത്സാഹിപ്പിക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ആഗോള തലത്തില്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രാഗത്ഭ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അക്കാഡമിക് ബ്രില്യന്‍സുള്ള ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. അവരുടെ കഴിവുകള്‍ ആരോഗ്യ രംഗത്ത് ഗുണപരമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ സര്‍വകകലാശാല തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ ക്ലിനിക്കല്‍ എപ്പിഡമോളജിസ്റ്റ്‌സ് മീറ്റും വര്‍ക്ക്‌ഷോപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏത് ശാസ്ത്ര ശാഖയെ സംബന്ധിച്ചും ഗവേഷണം അനിവാര്യമാണ്. വൈദ്യ ശാസ്ത്രത്തെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാന കാര്യമാണ് ഗവേഷണം. പതിറ്റാണ്ടുകളോളമായി ദീര്‍ഘവീഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് പൊതുജനാരോഗ്യ രംഗത്ത് വലിയ മികവ് നേടാനായത്. നമ്മള്‍ രൂപീകരിച്ച സിസ്റ്റത്തിലൂടെയാണ് കോവിഡിനേയും നിപയും പോലെയുള്ള വെല്ലുവിളികള്‍ നേരിട്ടത്. അക്കാഡമിക് പ്രതിഭയോടൊപ്പം ആരോഗ്യ മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിനും രാജ്യത്തിനും സംസ്ഥാനത്തിനും സംഭാവനകള്‍ നല്‍കുന്നതിനും കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.
ഗവേഷണങ്ങള്‍ക്ക് ആരോഗ്യ സര്‍വകലാശാല വലിയ പ്രധാന്യമാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കല കേശവന്‍, സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡോ. രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു.
കെ-സ്‌കില്‍ പ്രചാരണം അക്ഷയ കേന്ദ്രങ്ങളിലൂടെ: അസാപ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു
അസാപ് കേരളയുടെ കെ-സ്‌കില്‍ പദ്ധതി വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളുടെ പ്രചാരണവും രജിസ്‌ട്രേഷനും അക്ഷയ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കാന്‍ ധാരണയായി. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും, അക്ഷയ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇത് പ്രകാരം കെ സ്‌കില്‍ ക്യാംപെയിനിന്റെ ഭാഗമായി പതിനഞ്ചിലധികം തൊഴില്‍ മേഖലകളിലായി 130 ല്‍ അധികം സ്‌കില്‍ കോഴ്‌സുകളിലേക്ക് അസാപ് നല്‍കി വരുന്ന പരിശീലന പരിപാടികളുടെ പ്രചാരണം അക്ഷയ കേന്ദ്രങ്ങള്‍ വഴി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ടാകും. വീടുകളില്‍ ആവശ്യമായ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത അസാപ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കാനും ധാരണയായിട്ടുണ്ട്.
വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന മികച്ച വനിതാ പ്രവര്‍ത്തകര്‍ക്കുള്ള 2022 ലെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചരെയാണ് അവാര്‍ഡിന് പരിഗണിക്കുക. പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം നവംബര്‍ 25 നകം നല്‍കണമെന്ന് വനിതാ ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2346534.
സ്‌കൂള്‍ മേളകള്‍ക്ക് ലോഗോ ക്ഷണിച്ചു
നവംബര്‍ 10, 11, 12 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനും ഡിസംബര്‍ മൂന്ന്,നാല്,അഞ്ച് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനും 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ലോഗോ തയ്യാറാക്കി നല്‍കാം. ശാസ്‌ത്രോത്സവം,കലോത്സവം,കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താല്പര്യമുള്ളവര്‍ക്ക് മൂന്ന് വിഭാഗത്തിലും പങ്കെടുക്കാം.
ബന്ധപ്പെട്ട മേളകളുടെ പ്രതീകങ്ങളും മേളയുടെ തീയതിയും ഉള്‍പ്പെടുത്തിവേണം ലോഗോ തയ്യാറാക്കാന്‍. മേള നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്താം. എഡിറ്റ് ചെയ്യാവുന്ന ഫോര്‍മാറ്റില്‍ സി.ഡിയും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം. ലോഗോ അയക്കുന്ന കവറിന് പുറത്ത് ഏത് മേളയുടെ ലോഗോയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലോഗോകള്‍ ഒക്ടോബര്‍ 15 വൈകിട്ട് 5 മണിയ്ക്ക് മുന്‍പ് തപാലില്‍ ലഭ്യമാക്കണം. വിലാസം: സി എ സന്തോഷ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014.
അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളജിന്റെ അധികാര പരിധിയില്‍ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്തു പ്രവര്‍ത്തിക്കുന്നതുമായ സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും സെറ്റും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 27നു രാവിലെ 10ന് സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ 28ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു എം.ബി.സി.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. പയ്യന്നൂര്‍ ഷാജി സമര്‍പ്പിച്ച ഹര്‍ജി, ഒ.ബി.സി. പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സേനൈത്തലൈവര്‍ സമുദായ സംഘം സമര്‍പ്പിച്ച ഹര്‍ജി, ലാറ്റിന്‍ കത്തോലിക്ക ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് കൊങ്കിണി ലാറ്റിന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി സമര്‍പ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്. ജി. ശശിധരന്‍, മെമ്പര്‍മാരായ ഡോ. എം.വി. ജോര്‍ജ്ജ്, സൂബൈദാ ഇസ്ഹാക്ക്, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.