സര്‍ക്കാര്‍ വാര്‍ത്തകള്‍ (29.09.2022)

അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിവരം അറിയിക്കാം. വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരായ 9188527301 ലും ടോള്‍ ഫ്രീ നമ്പരായ 1967 ലും പൊതുജനങ്ങള്‍ക്ക്, അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25000 രൂപയിലധികം മാസവരുമാനം, നാലുചക്ര വാഹനം (ടാക്സി ഒഴികെ) എന്നിവയുള്ളവര്‍ മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹരല്ല. ഇത്തരം ആളുകളെക്കുറിച്ച് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലും, സിറ്റി റേഷനിംഗ് ഓഫീസുകളിലും വിവരം നല്‍കാം. ജില്ലാ സപ്ലൈ ഓഫീസ്, തിരുവനന്തപുരം (0471 2731240), സിറ്റി റേഷനിംഗ് ഓഫീസ്, സൗത്ത് തിരുവനന്തപുരം, (0471 2461632) സിറ്റി റേഷനിംഗ് ഓഫീസ്, നോര്‍ത്ത് തിരുവനന്തപുരം (0471 2365686), താലൂക്ക് സപ്ലൈ ഓഫീസ്, തിരുവനന്തപുരം(0471 2463208), താലൂക്ക് സപ്ലൈ ഓഫീസ,് ചിറയന്‍കീഴ് (0470 2622459), താലൂക്ക് സപ്ലൈ ഓഫീസ്, നെയ്യാറ്റിന്‍കര (0471 2222251).

കേരള സ്‌കില്‍ അക്രഡിറ്റേഷന്‍ പ്ലാറ്റ്ഫോം (കെ-സാപ്) ന് തുടക്കമാകുന്നു; കേരളത്തിലെ സ്‌കില്‍ ട്രെയിനിംഗ് ഏജന്‍സികള്‍ക്ക് അക്രഡറ്റീഷന്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൈപുണ്യ പരിശീലനം നല്‍കി വരുന്ന പൊതു സ്വകാര്യ ഏജന്‍സികളുടെ കോഴ്‌സുകള്‍ ദേശീയ നിലവാരത്തില്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കോഴ്സ് ആക്കി മാറ്റുക, വ്യവസായിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നിലവാരത്തിലേക്ക് പരിശീലനത്തെ ഉയര്‍ത്തുക, കാലാനുസൃതമായി കരിക്കുലം പരിഷ്‌കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന കേരള സ്‌കില്‍ അക്രഡിറ്റേഷന്‍ പ്ലാറ്റഫോമിന് തുടക്കമാകുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ കേരളത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തി വരുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ആന്‍ഡ് എജുക്കേഷണല്‍ ട്രെയിനിംഗ് (എന്‍.സി.വി.ഇ.ടി.) യുടെ അസസ്മെന്റ് ഏജന്‍സിയും അവാര്‍ഡിംഗ് ബോഡിയും ആയി അസാപ് കേരള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നൈപുണ്യ പരിശീലന കോഴ്‌സുകള്‍ എന്‍.എസ്.ക്യു.എഫ് നിലവാരത്തില്‍ കൊണ്ടുവരിക എന്ന ദൗത്യമാണ് അസാപ് നിര്‍വ്വഹിക്കുക. അക്രഡിറ്റേഷന്റെ ഭാഗമായി അസാപിലൂടെ പരീക്ഷ നടത്തിപ്പും കോഴ്‌സുകള്‍ക്ക് അസാപ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ സാധിക്കും.

കേരളത്തില്‍ നൈപുണ്യ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അസാപിന്റെ അക്രഡിറ്റേഷന്‍ നേടാനുള്ള അവസരം കൂടിയാണ് കെ-സാപ്.

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കരട് വ്യവസായ വാണിജ്യനയം: മന്ത്രി പി.രാജീവ്
നിലവിലുള്ള 2018 ലെ വ്യവസായ നയത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് പുറത്തിറക്കി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇന്ന് വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഏറെ സാധ്യതയുള്ള സണ്‍റൈസ് വിഭാഗത്തില്‍പ്പെടുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അതുവഴി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് പുതിയ കരട് രേഖയിലുള്ളത്.

കേരളം എല്ലാ മേഖലയിലുള്ള ഉത്പന്നങ്ങളുടെയും നല്ലൊരു വിപണിയാണ്. വിശദമായ കണക്കുകള്‍ പരിശോധിച്ചാല്‍ 109,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ പുറത്തുനിന്ന് കേരള വിപണിയിലേക്കെത്തുന്നു. 10,000 കോടിയുടെ ഓട്ടോമൊബൈല്‍, 3000 കോടിയുടെ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍, 345 കോടിയുടെ കുപ്പിവെള്ളവും സംസ്ഥാനത്ത് വിറ്റുപോകുന്നു. കേരളത്തിന്റെ വിപണിയില്‍ തനത് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി കേരള ബ്രാന്‍ഡ് നടപ്പാക്കാനും പുതിയ നയത്തില്‍ ലക്ഷ്യമിടുന്നു. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍, ആയുര്‍വേദം, ബയോടെക്‌നോളജി, ഡിസൈനിങ്, ഇലക്ട്രോണിക്‌സ് ഡിസൈനിങ്ങും നിര്‍മ്മാണവും, വൈദ്യുതി വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണം, എന്‍ജിനിയറിംഗ്, ആര്‍ ആന്‍ഡ് ഡി, ഫുഡ് ടെക്, ഹൈടെക് കൃഷി, മൂല്യവര്‍ദ്ധിത റബ്ബര്‍ ഉത്പന്നങ്ങള്‍, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്‌നോളജി, റീട്ടെയില്‍, സ്‌പേസ്, റോബോട്ടിക്‌സ്, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമേഖല, ടൂറിസം, ഗ്രാഫീന്‍, ത്രീഡി പ്രിന്റിങ്, മറൈന്‍ ക്ലസ്റ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നയത്തില്‍ ലക്ഷ്യമുണ്ട്.

എം എസ് എം ഇ ഇതര സംരംഭങ്ങള്‍ക്ക് 10 കോടി രൂപയില്‍ കവിയാത്ത നിക്ഷേപ സബ്‌സിഡി, സ്ഥിര മൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജി എസ് ടി വിഹിതം അഞ്ച് വര്‍ഷത്തേക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി, വര്‍ഷം 1000 അപ്രന്റിസുകള്‍ക്ക് 5000 രൂപ വരെയുള്ള വേതന സംവിധാനത്തില്‍ ആറ് മാസത്തേക്ക് വ്യവസായ സംരംഭങ്ങളില്‍ നിയമിക്കുന്നതിനുള്ള പദ്ധതി, പരമ്പരാഗത രീതിയിലുള്ള ധനസമാഹരണത്തിന് പുറമെ എംഎസ്എംഇ സംരംഭങ്ങള്‍ക്ക് ഓഹരി വിപണനത്തിലൂടെ ധനസമാഹരണം പ്രോത്സാഹിപ്പിക്കാനും അതിനു വേണ്ടി ചെലവാകുന്ന തുകയുടെ 50 ശതമാനം തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എംഎസ്എംഇകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 100 ശതമാനം വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള പദ്ധതി, സ്ത്രീ സംരംഭകര്‍ക്കും പട്ടിക ജാതി/ പട്ടിക വിഭാഗത്തിലുള്ള സംരംഭകര്‍ക്കും സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് എന്നിവ ഒഴിവാക്കുന്നതിനുള്ള പദ്ധതി തുടങ്ങി വിവിധങ്ങളായ നിര്‍ദ്ദേശങ്ങള്‍ കരട് നയത്തിലുണ്ട്.

കെ എസ് ഐ ഡി സിയുടെ വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്ന കരട് നയത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ തേടാനും ഒക്ടോബര്‍ 20 മുതല്‍ സെക്ടര്‍ തലത്തില്‍ ആറ് മീറ്റിംഗുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2023 ജനുവരിയിലാകും പുതിയ വ്യവസായ നയം പ്രാബല്യത്തില്‍ വരുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറിമാരായ സുമന്‍ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി എം ഡി എസ്. ഹരികിഷോര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തു.

നെല്ല് സംഭരണം: സപ്ളൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മില്‍ കരാറായി
നെല്ലിന്റെ സംഭരണ വില കര്‍ഷകര്‍ക്ക് നേരിട്ട് വേഗത്തില്‍ നല്‍കുന്നതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സപ്ളൈകോ കരാര്‍ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ചേര്‍ന്നു രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് സപ്‌ളൈകോയുമായി കരാറില്‍ ഒപ്പിട്ടത്.

കരാര്‍ പ്രകാരം 6.9 ശതമാനം പലിശ നിരക്കില്‍ 2500 കോടി രൂപയാണ് സപ്‌ളൈകോക്കു കണ്‍സോര്‍ഷ്യം വായ്പ നല്കുക. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പി.ആര്‍.എസ് വായ്പാ പദ്ധതി പ്രകാരം ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നതിന് 8.5 ശതമാനമായിരുന്നു പലിശ. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കണ്‍സോര്‍ഷ്യം വായ്പയിലൂടെ പ്രതിവര്‍ഷം 21 കോടി രൂപയുടെ ബാധ്യത സപ്‌ളൈകോയ്ക്ക് കുറയും.

പിആര്‍എസ് വായ്പ സംബന്ധിച്ച് കര്‍ഷകര്‍ക്കുണ്ടായിരുന്ന വിവിധ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പുതിയ ക്രമീകരണം സഹായകമാകും. നെല്ല് സംഭരിച്ച ശേഷം കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് പണം വേഗത്തില്‍ നല്‍കുന്നതിനാണ് പി.ആര്‍.എസ് വായ്പ പദ്ധതി നേരത്തെ സപ്ലൈകോ നടപ്പാക്കിയത്. സപ്ളൈകോയുടെ ജാമ്യത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പയിലൂടെ നെല്ലിന്റെ വില നല്‍കുകയാണ് ചെയ്തിരുന്നത്. പിന്നീട് സപ്ലൈകോ ബാങ്കുകള്‍ക്ക് പണം നല്കുമ്പോള്‍ വായ്പ അടച്ചു തീര്‍ത്തതായി കണക്കാക്കും. ഒരു വര്‍ഷത്തിനകം പലിശ സഹിതം തുക തിരിച്ചടയ്‌ക്കേണ്ടിയിരുന്ന വായ്പയായിരുന്നു ഇത്.

പി.ആര്‍.എസ് വായ്പ പദ്ധതിയില്‍ തിരിച്ചടവ് വൈകുന്ന സാഹചര്യമുണ്ടായാല്‍ കര്‍ഷകന്‍ വായ്പയുടെ തിരിച്ചടവു മുടങ്ങിയവരുടെ പട്ടികയിലാവുകയും കര്‍ഷകന്റെ സിബില്‍ സ്‌കോര്‍ കുറയുകയും ചെയ്യും. വായ്പാ പലിശയായ 8.5 ശതമാനത്തിനുപുറമെ തിരിച്ചടവു മുടങ്ങുമ്പോഴുള്ള പിഴപ്പലിശയായ രണ്ടു ശതമാനവും സപ്ളൈകോ ബാങ്കുകള്‍ക്ക് നല്കേണ്ടി വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് പിആര്‍എസ് വായ്പയ്ക്ക് പകരമായി കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ തുക വായ്പയായി എടുക്കുന്നതിന് തീരുമാനിച്ചത്. സര്‍ക്കാര്‍ ജാമ്യം നില്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ അവരുടെ കണ്‍സോര്‍ഷ്യം മുഖാന്തിരം സപ്ളൈകോയ്ക്ക് 2500 കോടി രൂപ കുറഞ്ഞ പലിശ നിരക്കില്‍ നല്കുന്നത്. 0.75 ശതമാനം ഗാരന്റി കമ്മീഷന്‍ സപ്ളൈകോ സര്‍ക്കാരിന് നല്കും. കണ്‍സോര്‍ഷ്യം മുഖേനയുള്ള വായ്പയ്ക്ക് പിഴപ്പലിശയില്ല എന്ന മെച്ചവും ഉണ്ട്.

കണ്‍സോര്‍ഷ്യത്തെ പ്രതിനീധികരിച്ച് എസ്ബിഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. എസ്. പ്രേംകുമാര്‍, കനറാ ബാങ്ക് ചീഫ് മാനേജര്‍ ജി. പ്രഭാകര്‍ രാജു, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത് വി. മാത്യു എന്നിവരും സപ്ലൈകോ ഫിനാന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സതീഷും കരാറില്‍ ഒപ്പുവച്ചു.

സപ്ളൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്ജോഷിയും എസ്.ബി.ഐ എറണാകുളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. ഹരിഹരനും സന്നിഹിതരായിരുന്നു. സപ്ലൈകോ നെല്ല് സംഭരണ വിഭാഗം മാനേജര്‍ ബി. സുനില്‍കുമാര്‍, എസ്.ബി.ഐ ക്രെഡിറ്റ് അനലിസ്റ്റ് എഫ്.ജി. നോയല്‍, കനറാബാങ്ക് സീനിയര്‍ മാനേജര്‍ നിധിന്‍ സതീഷ് , ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വിഷ്ണു എം. തുടങ്ങിയവരും പങ്കെടുത്തു.

കേരളാ മാരിടൈം ബോര്‍ഡ് ദുബൈയില്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു
കേരളത്തിലെ വിവിധ തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി കേരളാ മാരിടൈം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍, ക്യൂബ്സ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പുമായി സഹകരിച്ച് ബിസിനസ് കോണ്‍ക്ലേവ് ദുബൈ ഗ്രാന്റ് മെര്‍ക്കുറി ഹോട്ടലില്‍ സംഘടിപ്പിച്ചു. കേരളാ തുറമുഖ- മ്യൂസിയം – പുരാവസ്തു – പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ യു.എ.ഇ ജലസേചന -പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ ഖിന്തി വിശിഷ്ടാതിഥിയായിരുന്നു. വിഴിഞ്ഞം ഇന്റര്‍ നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.ഗോപാല കൃഷ്ണന്‍ ഐ.എ.എസ്, കേരളാ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, സി.ഇ.ഒ സലീം കുമാര്‍, മെമ്പര്‍ കാസിം ഇരിക്കൂര്‍, സി.പി. അന്‍വര്‍ സാദത്ത്, യു.ടി.എം. ഷമീര്‍ എന്നിവര്‍ സംബന്ധിച്ചു. കോണ്‍ക്ലേവില്‍ അവതരിപ്പിച്ച വിവിധ നിക്ഷേപ അവസരങ്ങളില്‍ യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവിധ സംരഭകര്‍ നിക്ഷേപ സന്നദ്ധത അറിയിച്ചു. പ്രസ്തുത കമ്പനികളുമായുള്ള തുടര്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും.

മഴവില്ല് പദ്ധതിക്ക് വോളന്റിയര്‍മാര്‍
തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ കേരള സര്‍ക്കാരിന്റെ K-DISC പദ്ധതിയുടെ ഭാഗമായുള്ള മഴവില്ല് പദ്ധതിക്ക് വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍ 7ന് രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത സയന്‍സ് ബിരുദം/ മൂന്നു വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്സ്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *