സര്‍ക്കാര്‍ വാര്‍ത്തകള്‍ (19.09.2022)

റണ്ണിങ് കോണ്‍ട്രാക്ട്; സംസ്ഥാനത്ത് റോഡുകളുടെ പരിശോധന 20 മുതല്‍; ആദ്യം തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളില്‍

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോണ്‍ട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുക. പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നാല് ഐ എ എസ് ഉദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. ഓരോ പ്രവൃത്തിയുടെയും മെഷര്‍മെന്റ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരം ജില്ലയില്‍ 1525 കിലോമീറ്റര്‍ റോഡ് ആണ് റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരം പ്രവൃത്തി നടക്കുന്നത്. 4420 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ജില്ലയില്‍ നടക്കുന്നത്. ഇടുക്കിയില്‍ 2330 കിലോമീറ്ററില്‍ 7357.72 ലക്ഷം രൂപയുടെയും എറണാകുളം ജില്ലയില്‍ 2649 കിലോമീറ്ററില്‍ 6824.65 ലക്ഷം രൂപയുടെ പ്രവൃത്തിയും ആണ് നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും പരിശോധന നടക്കും.

യുവാവിന്റെ മരണം; പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
കൊല്ലം ജില്ലയിലെ കുന്നിക്കോട് പച്ചിലവളവില്‍ അനില്‍ കുമാറിന്റെ മരണത്തില്‍ പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അയല്‍വാസിയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് മരണമുണ്ടായെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കൊല്ലം സൂപ്രണ്ട് ഓഫ് പോലീസിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

ഇടുക്കി മെഡിക്കല്‍ കോളേജ് ആദ്യബാച്ച് വിദ്യാര്‍ത്ഥി പ്രവേശന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
ഇടുക്കി മെഡിക്കല്‍ കോളേജ് ആദ്യബാച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു. സൗകര്യങ്ങളൊരുക്കി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കി. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഇവ കൂടാതെയാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സൈക്യാട്രി വിഭാഗത്തില്‍ ഇസിടി മെഷീന്‍, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 2 സീക്വന്‍ഷ്യല്‍ കമ്പ്രഷന്‍ ഡിവൈസ് കാഫ് പമ്പ്, പീഡിയാട്രിക് വിഭാഗത്തില്‍ ന്യൂ ബോണ്‍ മാനിക്വിന്‍, ഒഫ്ത്തല്‍മോസ്‌കോപ്പ്, അനാട്ടമി വിഭാഗത്തില്‍ ബോഡി എംബാമിംഗ് മെഷീന്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ സെമി ആട്ടോ അനലൈസര്‍, ഗൈനക്കോളജി വിഭാഗത്തില്‍ കാര്‍ഡിയാക് മോണിറ്റര്‍, 2 സിടിജി മെഷീന്‍, സ്‌പോട്ട് ലൈറ്റ്, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ നോണ്‍ കോണ്ടാക്ട് ടോണോമീറ്റര്‍, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഡി ഹുമിഡിഫയര്‍, അനസ്‌തേഷ്യ വിഭാഗത്തില്‍ ഇടിഒ സ്റ്റെറിലൈസര്‍, ഇ എന്‍ടി വിഭാഗത്തില്‍ എന്‍ഡോസ്‌കോപ്പ് സീറോ ഡിഗ്രി, 30 ഡിഗ്രി എന്‍ഡോസ്‌കോപ്പ്, 45 ഡിഗ്രി എന്‍ഡോസ്‌കോപ്പ്, മൈക്രോബയോളജി വിഭാഗത്തില്‍ ഹൊറിസോണ്ടല്‍ സിലിണ്ടറിക്കല്‍ ആട്ടോക്ലേവ്, പത്തോളജി വിഭാഗത്തില്‍ ട്രൈനോകുലര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, വിവിധ ആശുപത്രി സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

ഐ.ടി.ഐ. അഡ്മിഷന്‍

കോട്ടയം: പള്ളിക്കത്തോട് പി.ടി. ചാക്കോ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡയറിങ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22ന് രാവിലെ 10ന് അസല്‍ രേഖകളും ഫീസും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. മുന്‍പ് അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാതിരുന്നവര്‍ക്കും ഒഴിവുള്ള സീറ്റുകളിലേക്ക് അവസരമുണ്ട്. വിശദവിവരത്തിന് ഫോണ്‍: 9497087481.

താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാനത്തെ ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനായി സിവില്‍ സര്‍വീസ്, ബാങ്കിംഗ് സര്‍വീസ്, യുജിസി/ ജെആര്‍എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതും പ്രശസ്തിയും സേവന പാരമ്പര്യവും മികച്ച റിസല്‍ട്ട് ഉളളവരുമായിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 30. വെബ് സൈറ്റ് : www.bcdd.kerala.gov.in ഫോണ്‍ : 0474 2914417

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍എസ്ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സിലേക്ക് 18നും 44നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 833001020, 04682 2270243

യോഗ പരിശീലകര്‍
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗ പരിശീലനം എന്ന പദ്ധതി നടപ്പാക്കുന്നതിന് ബിഎന്‍വൈഎസ് യോഗ്യതയുള്ള പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ഈ മാസം 28ന് അകം എത്തിക്കണം. ഫോണ്‍: 9961629054

ഐഐഐസിയിലെ കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്നിഷ്യന്‍ തലങ്ങളിലുള്ള വിവിധ കോഴ്‌സുകള്‍ക്ക് 41 ദിവസം മുതല്‍ ഒരു വര്‍ഷം വരെയാണു ദൈര്‍ഘ്യം. സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന്റെ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സി(KASE)നു കീഴിലുള്ള ഐഐഐസിയില്‍ താമസിച്ചുപഠിക്കാന്‍ ഹോസ്റ്റല്‍, ക്യാന്റീന്‍ സൗകര്യങ്ങളുണ്ട്.

മാനേജീരിയല്‍: പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ് (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ ബി.ഇ.സിവില്‍/ബി ആര്‍ക്ക് ), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് മാനേജ്മന്റ്(ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ.സിവില്‍/ബി ആര്‍ക്ക് ), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ് (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ.സിവില്‍), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊജക്റ്റ് മാനേജ്മന്റ് (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ.സിവില്‍ / ബി.ആര്‍ക്), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ് (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ. ഏത് ബ്രാഞ്ചും/ബിഎസ്സി ഫിസിക്സ് അല്ലെങ്കില്‍ കെമിസ്ട്രി), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്മന്റ് (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ., എം.ഇ./ഇ.ഇ.ഇ/പി.ഇ.).

സൂപ്പര്‍വൈസറി : അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (6 മാസം, യോഗ്യത ഏതെങ്കിലും സയന്‍സ് ബിരുദം/ബി.ടെക് സിവില്‍/ബി.ഇ. സിവില്‍/ഡിപ്ലോമ സിവില്‍/ബി.എ. ജിയോഗ്രഫി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഒരുവര്‍ഷം, യോഗ്യത പ്ലസ് റ്റു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (6 മാസം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി ആര്‍ക്ക്).
ടെക്നിഷ്യന്‍ : അസിസ്റ്റന്റ് പ്ലംബര്‍ ജനറല്‍ -ലെവല്‍ 3 – (41 ദിവസം, യോഗ്യത അഞ്ചാം ക്ലാസ് പാസ്), ഡ്രാഫ്ട് പേഴ്‌സണ്‍ സിവില്‍ വര്‍ക്സ് – ലെവല്‍ 4 (77 ദിവസം, യോഗ്യത എസ്എസ്എല്‍സി), ഹൗസ് കീപ്പിംഗ് ട്രെയിനീ -ലെവല്‍ 3 (57 ദിവസം, യോഗ്യത പത്താം ക്ലാസ്/ഐറ്റിഐ), അസിസ്റ്റന്റ്

ഇലക്ട്രീഷന്‍ – ലെവല്‍ 3 (65 ദിവസം, യോഗ്യത അഞ്ചാം ക്ലാസും പ്രസക്ത മേഖലയില്‍ 3 വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എട്ടാം ക്ലാസും പ്രസ്തുത മേഖലയില്‍ ഒരുവര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എട്ടാം ക്ലാസും 2 വര്‍ഷം ഐറ്റിഐയും), കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ – ലെവല്‍ 4 (67 ദിവസം, യോഗ്യത എട്ടാം ക്ലാസും ഐറ്റിഐ 2 വര്‍ഷം ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ പത്താം ക്ലാസും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ എസ് ക്യു എഫ് ലെവല്‍ 3 സര്‍ട്ടിഫിക്കറ്റും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും). വിശദമായ വിജ്ഞാപനവും കൂടുതല്‍ വിവരങ്ങളും: www.iiic.ac.in. ഫോണ്‍: 8078980000.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ്/കേറ്ററിംഗ് ടെക്‌നോളജിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍.റ്റി.സി/എന്‍.എ.സി.) യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഈ മാസം 22 ന് രാവിലെ 11 ന് ചെന്നീര്‍ക്കര ഐ ടി ഐ യില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0468- 2258710

എറണാകുളത്ത് സൗജന്യ തൊഴില്‍ പരിശീനവും ജോലിയും നല്‍കുന്നു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീയുടേയും തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍, നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് എറണാകുളത്തേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് വെയര്‍ഹൗസ് സൂപ്പര്‍വൈസര്‍, യോഗ്യത ഡിഗ്രി. എറണാകുളം നഗരസഭാപരിധിയിലുള്ള താമസക്കാര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8891857105, 9995928899

Leave a Reply

Your email address will not be published. Required fields are marked *