തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനല്‍ സെഷന് കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ അനുമതി.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീലിന് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. വെറുതേ വിടുന്നു എന്ന ഒറ്റവരിയില്‍ വിധി പറയുകയായിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്. വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്.ഹരിശങ്കര്‍ പറഞ്ഞിരുന്നു. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീല്‍ നല്‍കുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്.