തിരുവനന്തപുരം : സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് മറപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. താന്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കണമെന്ന വൃന്ദാകാരാട്ടിന്റെ പ്രസ്താവന അര്‍ഹിച്ച അവജ്ഞയോടെ തള്ളുന്നുവെന്ന് ആരിഫ് ഖാന് പ്രതികരിച്ചു. വൃന്ദ കാരാട്ട് ഇതുവരെ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഗവര്‍ണര്‍ക്ക് താല്പര്യമുണ്ടെങ്കില് അദ്ദേഹമത് ചെയ്യണമെന്നാണ് വൃന്ദ കാരാട്ട് പറഞ്ഞത്.
ബിജെപി ടിക്കറ്റില്‍ കേരളത്തിലെ ഏതെങ്കിലും സീറ്റില്‍നിന്നും മത്സരിക്കണമെന്നു വൃന്ദ കാരാട്ട് ഗവര്‍ണറെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വിരുന്നിനു ക്ഷണം ലഭിച്ചിട്ടും പോകാതിരുന്നതാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനില്‍ കിടക്കുന്നുണ്ട്. വിരുന്നിനു പോകാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗവര്‍ണറോട് ചോദിക്കുന്നതുപോലെ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോടും ചോദിക്കണമെന്നും ആരിഫ് മുഹമ്മദ്ഖാന് പറഞ്ഞു