പുലിവാല് പിടിച്ച് പോലീസ്
എഫ്ഐആര്‍ റിപ്പോട്ട് കാണിച്ച് പോലീസ്
കൊല്ലം: നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അന്‍പതിലേറെ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി റോഡരികിലുള്ള കടയുടെ മുന്നില്‍ ഇരിപ്പുറപ്പിച്ചു. പോലീസ് എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം അവിടെനിന്നും പോകാന്‍ തയ്യാറായില്ല. പോലീസിനെ ഗവര്‍ണര്‍ കടുത്ത ഭാഷയില്‍ ശകാരിച്ചു. അവസാനം പോലീസ് പ്രതികള്‍ക്കെതിരെയുള്ള എഫ് ഐ ആര് റിപ്പോര്‍ട്ട് ഗവര്‍ണറെ കാണിച്ചാണ് അനുനയിപ്പിച്ച് മടക്കിയത്.
പോലീസ് പ്രതിഷേധക്കാരെ സംരക്ഷിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ എന്തുകൊണ്ട് കരുതല്‍ തടങ്കലില്‍ ആക്കിയില്ല. മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന പോലീസ് മേധാവിയെയോ പ്രധാനമന്ത്രിയെയോ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പന്ത്രണ്ടുപേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞെങ്കിലും അതിന്റെ എഫ്ഐആര്‍ കാണിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ഒരു മണിക്കൂറോളം റോഡരികിലെ കടയുടെ മുന്നിലിരുന്ന അദ്ദേഹം അവസാനം റിപ്പോര്‍ട്ട് കണ്ടതിന് ശേഷമാണ് ഗവര്‍ണര്‍ കൊട്ടാരക്കര സദാനന്ദപുരത്തേക്ക് പോയത്.