സഭാ സമ്മേളനം നയപ്രഖ്യാപനത്തോടെ തുടങ്ങിയേക്കും ; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തിന് അയവ്

സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരില്‍ അയവ് വരുന്നു. ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ പിരിയുന്നതായി ഗവര്‍ണറെ സര്‍ക്കാര്‍ അറിയിക്കും.
പുതിയ കലണ്ടര്‍ വര്‍ഷം നിയമസഭ ചേരുന്നത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വേണമെന്നാണ് ചട്ടം. സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിനായി ഡിസംബറില്‍ സഭ താത്കാലികമായി പിരിഞ്ഞ് ബജറ്റ് സമ്മേളനത്തിന് പുനരാരംഭിക്കുന്ന തരത്തില്‍ ക്രമീകരിക്കുകയായിരുന്നു. പുനരാരംഭിക്കുന്നതായതിനാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാകും.
ഭരണഘടനാ പ്രസംഗത്തില്‍ കുടുങ്ങി രാജിവെച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് ഗവര്‍ണര്‍ കാര്യമായ ഉടക്കുകള്‍ ഇടാത്ത പശ്ചാത്തലത്തിലാണ് നയപ്രഖ്യാപന സാധ്യത ഉടലെടുത്തത്. ഗവര്‍ണറുടെ സമീപനത്തോട് സര്‍ക്കാറും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.