തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യശ്രമത്തില്‍ ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ പ്രതിഭാഗം അഭിഭാഷകനും പ്രോസിക്യൂഷനും തമ്മില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നു. രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവിലാണ് നെയ്യാറ്റിന്‍കര കോടതി ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഗ്രീഷ്മയുടെ വീട്ടിലെ മുറിക്കുള്ളില്‍ സംഭവിച്ചത് എന്താണെന്ന് ആര്‍ക്കും അറിയില്ലെന്നും മരണത്തിനിടയാക്കിയ വിഷം ഷാരോണ്‍ കൊണ്ടുവരാന്‍ സാധ്യതയില്ലേ എന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ ക്രിമനലാക്കി മാറ്റിയത് ഷാരോണാണ്, ഷാരോണ്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. വിഷം കൊടുത്തു കൊന്നു എന്ന് എഫ്ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല, ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കേസില്‍ ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെയെല്ലാം പോയി കൃത്യമായി തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍ പ്രതിക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.