ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിന് ലഭിക്കുക 780 കോടി

ഡൽഹി: വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുഴുവനായും നല്കാന് 49ാമത് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ബാക്കിയുള്ള 16,982 കോടി രൂപ വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നഷ്ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടെന്നു തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
തമിഴ്നാട് അടക്കം 6 സംസ്ഥാനങ്ങളുടെ ഐജിഎസ്ടി കുടിശികയായ 16,524 കോടി രൂപയും നല്കാന് തീരുമാനിച്ചു. അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് കേരളത്തിന്റെ കുടിശികയും ഉടന്‍ നല്‍കും. കേന്ദ്രത്തിന്റെ നഷ്ടപരിഹാര ഫണ്ടിൽ നിലവിൽ ഇത്രയും പണമില്ലെങ്കിലും കേന്ദ്രത്തിന്റെ മറ്റു വരുമാന വിഭവങ്ങളിൽ നിന്ന് ഈ തുക വകയിരുത്തി നൽകും- ധനമന്ത്രി അറിയിച്ചു.
ഇതോടെ കഴിഞ്ഞ 5 വർഷത്തെ ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് പൂർണമായും ലഭ്യമാകും.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുത്തു തീർക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കെ, കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപ.