എച്ച് വൺ ബി വീസ; വ്യക്തത വരുത്തി അമേരിക്ക

എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ എന്ന ഉയർന്ന നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.വീസ പുതുക്കുന്നതിനോ നിലവിൽ വീസയുള്ളവർക്കോ അധിക ഫീസ് നൽകേണ്ടതില്ല.

അതേസമയം എച്ച് വൺ ബി വീസാ നിരക്ക് വർധന സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളുടെയും വ്യാപാര – വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകൾ അനിവാര്യം എന്നാണ് ഇന്ത്യയുടെ നിലപാട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനിടെ ട്രംപിന്റെ നടപടിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൗർബല്യം എന്ന വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്.

എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിയത്. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് നടപടിയിൽ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാൽ, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.