വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; ഉഷ ജോസഫിന് ഐക്യദാര്‍ഢ്യവുമായി ഹര്‍ഷിന

കോഴിക്കോട്: വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ സര്‍ജറി ഉപകരണം വയറ്റില്‍ കുടുങ്ങിയ ഉഷ ജോസഫിന് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍നിന്ന് സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിട്ട ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയിരുന്നു. ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കിയിരുന്നുവെങ്കില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കില്ലായിരുന്നു എന്ന് ഹര്‍ഷിനയ്ക്കായി സമരം ചെയ്യുന്ന സമരസമിതി വ്യക്തമാക്കി.
സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിടേണ്ടിവന്ന ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം ചെയ്യും. സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിലാണ് ഹര്‍ഷിന പങ്കെടുക്കുക. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയിലൂടെ കത്രിക പിന്നീട് പുറത്തെടുത്തെങ്കിലും അതിന് ശേഷവും ആരോഗ്യപ്രശ്നങ്ങള്‍ ഹര്‍ഷിനയെ വേട്ടയാടുന്നുണ്ട്. സര്‍ക്കാരില്‍നിന്നും നീതി ലഭിച്ചില്ലെന്ന് ഉന്നയിച്ച് ഹര്‍ഷിന പലപ്പോഴായി സമരം നടത്തിയിട്ടുണ്ട്. നേരത്തെ 104 ദിവസം തുടര്‍ച്ചയായി മെഡിക്കല്‍ കോളെജിന് മുന്നില്‍ ഹര്‍ഷിന പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.