ഹരിയാന ഭൂമി ഇടപാട് കേസ്; റോബര്‍ട്ട് വാദ്ര ഇ ഡി ചോദ്യം ചെയ്യലിന് ഹാജരായി

ഹരിയാന ഷിക്കോപൂര്‍ ഭൂമി ഇടപാട് കേസില്‍ പ്രിയങ്ക ഗാന്ധി എം പിയുടെ ഭര്‍ത്താവ്
റോബര്‍ട്ട് വാദ്ര വീണ്ടും ഇ ഡിക്ക് മുന്നില്‍. കേസില്‍ ഹാജരാകണമെന്ന് കാട്ടി ഇ ഡി നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് വാദ്ര ഡല്‍ഹിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. ഇതേ കേസില്‍ രണ്ടാം തവണയാണ് റോബര്‍ട്ട് വാദ്രയ്ക്ക് ഇ ഡി നോട്ടിസ് നല്‍കുന്നത്.

ഭൂമി ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡിക്ക് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടായിരുന്നു വാദ്ര ഇ ഡി ഓഫീസില്‍ കാല്‍നടയായി എത്തിയത്. ”ഇ ഡി കേസ് രാഷ്ട്രീയ പകപോക്കല്‍ ആണ്. തനിക്കെതിരായ രേഖകള്‍ ഇ ഡി കെട്ടിച്ചമച്ചതാണെന്നും രാജ്യത്തിന് അനുകൂലമായി സംസാരിക്കുമ്പോള്‍ തന്നെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത് എല്ലായ്പ്പോഴും എല്ലാ ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്, അത് തുടരുന്നു” എന്നും വാദ്ര ചോദ്യം ചെയ്യലിന് ഹാജരാക്കവേ പ്രതികരിച്ചു.

2008-ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ഷിക്കോപൂര്‍ ഗ്രാമത്തില്‍ ഏകദേശം മൂന്ന് ഏക്കര്‍ ഭൂമി ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. തുടര്‍ന്ന് വാദ്രയുടെ കമ്പനി ഈ ഭൂമിയുടെ 2.71 ഏക്കര്‍ 58 കോടി രൂപയ്ക്ക് ഹരിയാനയിലെ തന്നെ റിയല്‍ എസ്റ്റേറ്റ് ഭീമനായ ഡിഎല്‍എഫിന് വിറ്റു. ഈ വരുമാനം ഒരു കള്ളപ്പണ പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതിനാലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *