മരിച്ച രോഗിയോട് തെളിവെടുപ്പിന് ഹാജരാകാന്‍ ആരോഗ്യവകുപ്പിന്റെ നോട്ടീസ്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുന്‍പ് രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍, മരിച്ച രോഗിയോട് തെളിവെടുപ്പിന് ഹാജരാകാന്‍ ആരോഗ്യവകുപ്പിന്റെ നോട്ടീസ്. അഞ്ചുവര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഓട്ടോ ഡ്രൈവര്‍ ആയ കൂര്‍ക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ വയറ്റിലാണ് അഞ്ചുവര്‍ഷം മുമ്പ് കത്രിക മറന്നുവെച്ചത്. 2025ല്‍ ജോസഫ് പോള്‍ മരിച്ചു.
2020 മെയ് അഞ്ചിന് ആയിരുന്നു ആദ്യ ഓപ്പറേഷന്‍ കഴിഞ്ഞതെന്ന് ജോസഫിന്റെ ഭാര്യ പറയുന്നു. രണ്ട് ശസ്ത്രക്രിയകളാണ് നടത്തിയിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞും വയറ്റില്‍ അസ്വഭാവികമായ വേദനയെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തി സിടി സ്‌കാനിങ്ങിന് വിധേയനായി. വയറ്റില്‍ പഴുപ്പുണ്ടെന്നും അടിയന്തരമായി മറ്റൊരു അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ കുടുംബം സ്വകാര്യ ലാബില്‍ എക്സ്റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.
തുടര്‍ന്ന് പരാതി നല്‍കുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ശസ്ത്ര്ക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയും ചെയ്തു. ഗ്യാസ്ട്രോ സര്‍ജനായ ഡോക്ടര്‍ക്കെതിരെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 2025 ജനുവരിയില്‍ അര്‍ബുദത്തെ തുടര്‍ന്ന് ജോസഫ് മരണപ്പെടുന്നത്. ഇപ്പോള്‍ ഈ കഴിഞ്ഞ 17നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജോസഫ് പോളിന്റെ പേരിലായിരുന്നു നോട്ടീസ് ലഭിച്ചത്. തെളിവെടുപ്പിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.