ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇലക്ടറൽ ബോണ്ടുകളുടെ വിതരണം നിർത്തിവയ്ക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭാവനകൾ നൽകുന്നവർക്ക് പാർട്ടികളിൽ സ്വാധീനം കൂടുമെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണെന്നും കോടതി നിരീക്ഷിച്ചു.
ഇതുവരെയുള്ള ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകണമെന്നും സുപ്രീം കോടതി നിർദേശം നൽകി. മാർച്ച് 31നകം ഈ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പണമാക്കി മാറ്റാത്ത ബോണ്ടുകൾ പാർട്ടികൾ മടക്കി നൽകണം. ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
കള്ളപ്പണം തടയാനുള്ള ഏക മാർഗം ഇലക്ടറൽ ബോണ്ടുകളല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.2022-23 സാമ്പത്തിക വർഷം ബിജെപി ഇലക്ട്രൽ ബോണ്ടായി മാത്രം 1300 കോടി രൂപ സ്വീകരിച്ചെന്ന ഇലക്ഷൻ കമ്മീഷന്റെ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. കോൺഗ്രസ് ഇലക്ട്രൽ ബോണ്ടായി നേടിയ പണത്തിന്റെ ഏഴിരട്ടിയോളമാണ് ബിജെപി നേടിയതെന്നായിരുന്നു റിപ്പോർട്ടുകൾ. 2017ൽ അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയാണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. 2018ൽ ബിൽ പാസായി.