എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം. ആര്‍എസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച വ്യക്തമാക്കണണെന്ന് എല്‍ഡിഎഫ് കണ്‍വീനറും കടുപ്പിച്ചു. നടപടി വേണമെന്ന നിലപാടിലാണ് സിപിഐ ദേശീയനേതൃത്വവും. അതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ദത്താത്രേയ ഹൊസബലെ, റാം മാധവ്.ഈ ആര്‍എസ്എസ് നേതാക്കളെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കണ്ടതില്‍ കടുത്ത അതൃപ്തിയാണ് സിപിഎമ്മിലും എല്‍ഡിഎഫിലും. സ്വകാര്യ സന്ദര്‍ശനമെന്ന അജിത് കുമാറിന്റെ വിശദീകരണം ഇടത് നേതാക്കള്‍ വിശ്വസിക്കുന്നില്ല. ദുര്‍ബ്ബലമായ വിശദീകരണം നല്‍കിയിട്ടും കൂടിക്കാഴ്ചയുട ദുരൂഹത തുടരുമ്പോഴും അജിത് കുമാറിനെ പിന്തുണക്കുന്ന മുഖ്യമന്ത്രിയിലേക്കും ഇടത് കേന്ദ്രങ്ങളില്‍ നിന്നുള്ള സംശയങ്ങളും വിമര്‍ശനമുനയും നീളുന്നു. അജിത്കുമാറിനെതിരായ പിവി അന്‍വറിന്റെ പരാതിയില്‍ അന്വേഷണ സമയം ഒരു മാസമാണ്. അതുവരെ അജിത് കുമാറിനുള്ള മുഖ്യമന്ത്രിയുടെ സംരക്ഷണം ചോദ്യം ചെയ്യപ്പെടുന്നു. സിപിഐ കേന്ദ്ര നേതൃത്വവും നിലപാട് കടുപ്പിച്ചു. അജിത് കുമാറിനെ മാറ്റണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

അന്‍വറിനറെ പരാതിയില്‍ അജിത് കുമാറിനെ മാറ്റാന്‍ ഒരുഘട്ടത്തില്‍ ധാരണയായിരുന്നു. എന്നാല്‍ പി ശശിയെയും മാറ്റേണ്ടിവരുമെന്ന പ്രശ്‌നത്തിലാണ് അജിതിനെ നിലനിര്‍ത്തിയത്. ആര്‍എസ്എസ് കൂടിക്കാഴ്ച അജിത് കുമാര്‍ സമ്മതിച്ചതോടെ ഇനി അതിവേഗം നടപടിയില്ലാതെ പറ്റില്ലെന്ന സമ്മര്‍ദ്ദമാണ് മുറുകുന്നത്. ഇതിനിടെ ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.ഭരണതലത്തിലും പാര്‍ട്ടിയും പലതരം ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

ആര്‍എസ്.എസ്. കൂടിക്കാഴ്ചയില്‍ ആരോപണങ്ങള്‍ക്ക് മേല്‍ ആരോപണം വന്നിട്ടു പ്രത്യേകിച്ചൊരു അന്വേഷണ റിപ്പോര്‍ട്ടൊന്നും എഡിജിപിക്കതിരെ മുഖ്യമന്ത്രി ഇതേവരെ തേടിയിട്ടില്ല. ക്രമസമാധാന ചുതലയുള്ള എഡിജിപി തന്നെ ആരോപണത്തിന്റെ നിഴയിലായതോടെ ഓരോ ജില്ലയിലെയും പൊലിസ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ഉള്‍പ്പെടെ താളം തെറ്റി. താഴെക്കിടിയിലെ പൊലിസ് പ്രവര്‍ത്തനങ്ങളിലും വിവാദം ബാധിച്ചതോടെ സേന ആകെ പ്രതിസന്ധിയിലാണ്. വിവാദം തുടരുമ്പോഴാണ് താന്‍ നിരപാധിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി മുഖ്യമന്ത്രിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *