ആരോഗ്യമേഖലയില്‍ രാജ്യം അറിവിന്റെ കേന്ദ്രമാകുന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; ഹെപ്കോണ്‍ അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സിന് തുടക്കം
തിരുവനന്തപുരം: ഓഗസ്റ്റ് 27, 2022: ആരോഗ്യമേഖലയില്‍ രാജ്യം അറിവിന്റെ കേന്ദ്രമായി മാറുകയാണെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആഗോള തലത്തില്‍ ആരോഗ്യമേഖല ഒരു കുടക്കീഴിലേക്ക് കേന്ദ്രീകരിക്കുകയാണ്. ഇതിനായി നടക്കുന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകള്‍ രാജ്യത്തെ ആരോഗ്യമേഖലയെ മുന്നോട്ട് കുതിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിംസ്ഹെല്‍ത്തിലെ സെന്റര്‍ ഫോര്‍ കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ സംഘടിപ്പിക്കുന്ന ലിവര്കെയര് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് അന്താരാഷ്ട്ര ദ്വിദിന മെഡിക്കല്‍ കോണ്‍ഫറന്‍സ് ‘ഹെപ്കോണ്‍’ പൂവാര്‍ ഐലന്റ് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിംസ്ഹെല്‍ത്ത് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള അധ്യക്ഷനായി. രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന തരത്തിലേക്ക് ആരോഗ്യമേഖലയിലെ സേവനങ്ങള്‍ ലഭ്യമാകണമെന്നും അതിനായാണ് സര്‍ക്കാരും സ്വകാര്യമേഖലയും കൈകോര്‍ത്ത് ഇത്തരം മെഡിക്കല്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 40 മുതല്‍ 49 ശതമാനം വരെ അസുഖങ്ങളും തിരിച്ചറിയുന്നത് വൈകിയാണ് ഇതിന് നേരത്തേ കഴിഞ്ഞാല്‍ ആരോഗ്യമേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കരളിലെ കാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സയും പരിരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് കിംസ്ഹെല്‍ത്ത് മെഡിക്കല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം വിദഗ്ധ ഡോക്ടര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളില്‍ 35 ഓളം വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും സെമിനാറും നടക്കുന്നുണ്ട്. എറ്റിയോളജി, പത്തോളജി, ബയോളജി, ഇമേജിംഗ് ആന്‍ഡ് അസസ്മെന്റ്, ട്രീറ്റ്മെന്റ് പ്ലാനിംഗ്, ട്രാന്സ്പ്ലാന്റേഷന് തുടങ്ങി കരള്‍സംബന്ധമായ വിവിധ മേഖലകളിലെ വിഷയങ്ങള്‍ ചര്‍ച്ചയാകും.
ഇംഗ്ലണ്ടിലെ അഡെന്‍ബ്രൂക്ക്സ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പോള്‍ ഗിബ്സ്, അമേരിക്കയിലെ ബോസ്റ്റണ്‍ മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. സഞ്ജീവ കല്‍വ തുടങ്ങി അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ വിദഗ്ധ ഡോക്ടര്‍മാരാണ് സെഷനുകളില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഡോ. സുഭാഷ് ഗുപ്ത ആശംസാപ്രസംഗം നടത്തി. ഡോ. ഷിറാസ് അഹമ്മദ് റാതര്‍ സ്വാഗതവും ഡോ. ഷബീര്‍ അലി ടി.യു നന്ദിയും പറഞ്ഞു.