ഹേയ് മിസ്റ്റർ എങ്ങോട്ടാണ്’; സൂപ്പർ മാർക്കറ്റിൽ ‘ഷോപ്പിംഗി’ന് എത്തി കൊമ്പൻ,

സൂപ്പർ മാർക്കറ്റിലേക്ക് പർച്ചേസ് ചെയ്യാൻ ഒരു ആന എത്തിയാലോ? അതും കാട്ടാന. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലാൻഡിലെ ഖാവോ യായ് മേഖലയിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയെ ഞെട്ടിപ്പിച്ചിരിക്കുന്നത്. കടയിലേക്ക് കയറിയ ആന ശാന്തതയോടും ജിജ്ഞാസയോടും കൂടി അലഞ്ഞുനടക്കുന്നതാണ് വീഡിയോയിലുള്ളത്. മാളിന്റെ ഇടനാഴികളിലൂടെ അനായാസം നടന്നുപോകുന്ന അസാധാരണമായ ഈ കാഴ്ച ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഷെയർ ചെയ്യുകയാണ്.
നഗരത്തിന് അടുത്തുള്ള ഖാവോ യായ് ദേശീയോദ്യാനത്തിലെ ‘പ്ലായി ബിയാങ് ലെക്’ എന്ന ആനയാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മാളിലേക്ക് കയറിയതോടെ ആനയുടെ കൂറ്റൻ തല സിലിംഗിനോട് മുട്ടി. നടക്കുന്നതിനിടെ ഓരോ ഷെൽഫും തുമ്പിക്കൈ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ടായിരുന്നു. ഖാവോ യായിയിലെ ഒരു കൺവീനിയൻസ് സ്റ്റോറിലേക്ക് ഒരു ആന അശ്രദ്ധമായി നടന്നു കയറി എന്ന കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.ജൂൺ രണ്ടിന് പോസ്റ്റ് ചെയ്ത വീഡിയോ 2.7 ദശലക്ഷം ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എന്തു ശാന്തമായാണ് ഈ ആന ആ ഇടനാഴിയിലൂടെ നടക്കുന്നത്. ഒരു സാധനം പോലും നശിപ്പിക്കാതെയാണ് ആനയുടെ നടത്തം എന്നിങ്ങനെ പോകുന്നു കമന്റുകൾ.