എല്ലാ ദിവസവും നമ്മള്‍ ടിവിയില്‍ കാണാറുണ്ട് – ഒരു പൂച്ചയും എലിയും കളി; കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി

കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കേരള സര്‍വകലാശാലയില്‍ എലി പൂച്ച കളിയാണ് നടക്കുന്നതെന്ന് കേരള ഹൈക്കോടതി നീരീക്ഷിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലറും രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച കേസിലാണ് ഹൈക്കോതിയുടെ വാക്കാലുള്ള പരാമര്‍ശം.

എല്ലാ ദിവസവും നമ്മള്‍ ടിവിയില്‍ കാണാറുണ്ട് – ഒരു പൂച്ചയും എലിയും കളി നടക്കുന്നത്.’എന്നായിരുന്നു ജ. ടി ആര്‍ രവിയുടെ പരാമര്‍ശം. തന്റെ സസ്പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്നും രജിസ്ട്രാറുടെ ചുമതല നിര്‍വഹണം വൈസ് ചാന്‍സലര്‍ തടസപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി ഡോ. കെ എസ് അനില്‍ കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഔദ്യോഗികമായി സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടും, സസ്‌പെന്‍ഷന്‍ തുടരുകയാണ്. തന്നെ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതില്‍ വിലക്കിക്കൊണ്ട് വൈസ് ചാന്‍സലര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഡോ. കെ എസ് അനില്‍ കുമാര്‍ റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സര്‍വകലാശാലയും വിശദീകരണം നല്‍കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ തിങ്കളാഴ്ച മറുപടി അറിയിക്കണം എന്നും കോടതി അറിയിച്ചു.