‘ജാനകി എന്ന പേരിനെന്താണ് കുഴപ്പം? എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കും’; സെന്‍സര്‍ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി

‘ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന പേര് നല്‍കിയതിന് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഹൈക്കോടതി. സിനിമ പേര് വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം വേണം. ആരുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നതെന്ന് മറുപടി നല്‍കണം. എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡാണോ സംവിധായകനോട് നിര്‍ദേശിക്കുന്നത്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമ്പോള്‍ എല്ലാത്തിനും വ്യക്തമായ മറുപടി വേണമെന്നും ഹൈക്കോടതി.

ഇതില്‍ ജാനകി എന്ന പേര് വന്നതുകൊണ്ട് ഏത് മതത്തെ, ഏത് വിഭാഗത്തെയാണ് അത് വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. രാജ്യത്ത് 80 ശതമാനം ആളുകള്‍ക്കും ഏതെങ്കിലും മതപരമായ പേരുകളാണുള്ളത്. രാമനെന്ന് പേരുള്ളവരുണ്ട്. കൃഷ്ണനെന്ന് പേരുള്ളവരുണ്ട്. മുഹമ്മദ് എന്ന് പേരുള്ളവരുണ്ട്. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.