ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളില്‍ തടഞ്ഞ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളില്‍ തടഞ്ഞ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഹര്‍ജി തീര്‍പ്പാകും വരെ പ്രധാനാധ്യാപികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മാനേജര്‍ ഇടപെടരുതെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ചുരിദാറിട്ടതിന്റെ പേരില്‍ സ്കൂളില്‍ പ്രവേശിക്കുന്നത് വിലക്കിയത്തില്‍ പ്രധാനാധ്യാപിക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരി?ഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് ഉത്തരവ് പുറത്തിറക്കിയത്.
കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു സംഭവം. ചുരിദാര്‍ ഇട്ട് വന്നതിന്റെ പേരില്‍ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരന് തടയുകയായിരുന്നു. സ്കൂള്‍ മാനേജര്‍ കെ സുരേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. പൊലീസ് ഇടപെട്ടായിരുന്നു അധ്യാപികയെ പിന്നീട് സ്കൂളില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആദ്യം സെക്യൂരിറ്റി ജീവനക്കാരനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സുരേഷ് കുമാറിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.