എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യമില്ല. ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതിയും തള്ളി. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു.

ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവര്‍ത്തിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്ത എസ് എഫ് ഐ നേതാവ് ഇപ്പോള്‍ എറണാകുളം ജില്ലാ ജയലില്‍ റിമാന്‍ഡിലാണ്. ജില്ലാ കോടതിയില്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും അത് തളളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ഇപ്പോള്‍ ഹൈക്കോടതിയും തളളിയത്.

വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ് എഫ് ഐ സമ്മേളത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡി ജി പിക്ക് പരാതിയും നല്‍കിയിരുന്നു.
കൊച്ചിയില്‍ നിസ്സാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ച് ഒളിവിലാണെന്നായിരുന്നു അന്ന് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നത്. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പിഎം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എ ഐ എസ് എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്. സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പി എം ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018 ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും ആര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാല്‍ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാര്‍ത്ഥി നേതാവ് പെരിന്തല്‍മണ്ണയില്‍ എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സമ്മേളനം അവസാനിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്. അപ്പോഴും എസ് എഫ് ഐ ആര്‍ഷോക്ക് പിന്തുണ നല്‍കിയിരുന്നു. എറണാകുളം ലോ കോളേജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്. ഇത്തവണ 25 വയസ് പ്രായപരിധി കര്‍ശനമാക്കിയതോടെ എസ് എഫ് ഐ നേതൃത്വത്തില്‍ നിന്നും വലിയ നിര ഒഴിവായതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആര്‍ഷോയെ പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *