കഴക്കൂട്ടത്ത് ‘ഹൈ വോൾട്ടേജ്’ പോരാട്ടം ; കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനും വെല്ലുവിളിയായി വി.എം. സുധീരനെ കളത്തിലിറക്കാൻ കോൺഗ്രസ് നീക്കം

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുക്കും. ഈ സാഹചര്യത്തിൽ കോൺഗ്രസ് ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാനുള്ള നീക്കത്തിലാണ്. സി.പി.എം നേതാവും മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും നേർക്കുനേർ എത്തുന്ന മണ്ഡലത്തിൽ മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായ വി.എം. സുധീരനെ മത്സരരംഗത്തിറക്കാൻ കോൺഗ്രസ് ശ്രമം ശക്തമാകുന്നു.

നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രൻ 2007 മുതൽ 2016 വരെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയിലും സംസ്ഥാന രാഷ്ട്രീയത്തിലും ദീർഘകാല സംഘടനാ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. മറുവശത്ത്, ബി.ജെ.പി നേതാവായ വി. മുരളീധരൻ കേരളത്തിലെ ഭാരതീയ ജനതാ പാർട്ടിയുടെ എട്ടാമത്തെ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭാംഗമായിരുന്ന അദ്ദേഹം 2019 മെയ് 30-ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേശീയ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായി.

മുൻ തിരഞ്ഞെടുപ്പിൽ ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. എസ്.എസ്. ലാലിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. എന്നാൽ അദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ സജീവമല്ലാതിരുന്നതും യു.ഡി.എഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഇതോടെ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് ശക്തമായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയരുകയാണ്.

ഇതിനിടെയാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും മുൻ നിയമസഭാ സ്പീക്കറുമായ വി.എം. സുധീരനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാനുള്ള ചർച്ചകൾ ശക്തമാകുന്നത്. ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന സുധീരൻ കെ.പി.സി.സി പ്രസിഡന്റായും ദീർഘകാലം നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.മുതിർന്ന നേതാവെന്ന നിലയിൽ സംഘടനാത്മക ശുചിത്വം, സുതാര്യത, മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിത്വമാണ് വി.എം. സുധീരനുള്ളത്.

മുസ്ലിം ലീഗ് നേതാക്കൾ സുധീരനുമായി കഴക്കൂട്ടത്ത് നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം. ലീഗ് നേതൃത്വവുമായി ആത്മബന്ധം പുലർത്തുന്ന നേതാവാണ് സുധീരൻ. യു.ഡി.എഫ് അധികാരത്തിലെത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ സുധീരൻ മത്സരരംഗത്ത് എത്തണമെന്ന് ഘടകകക്ഷികളിൽ നിന്നുള്ള ആവശ്യം ശക്തമാകുന്നതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പോലും അദ്ദേഹത്തെ പരിഗണിക്കണമെന്ന നിലപാടും ചില വൃത്തങ്ങളിൽ ഉയരുന്നുണ്ട്. ഇതോടെ കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനൊപ്പം വി.എം. സുധീരനും രംഗത്തെത്തിയാൽ കഴക്കൂട്ടം മണ്ഡലത്തിൽ ശക്തമായ ത്രികോണമത്സരം ഉണ്ടാകും എന്നാണ് വിലയിരുത്തൽ.