ഹോര്‍മുസ് കടലിടുക്ക് നിശ്ചലം; പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ, സാമ്പത്തിക മേഖല തകിടം മറിയും

ടെഹ്റാൻ: ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ തുടരാക്രമണത്തെതുടർന്ന് സംഘ‍ർഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര വന്‍കിട ഷിപ്പിങ് കമ്പനികള്‍ റദ്ദാക്കി. ഹപഗ് ലോയ്ഡ് ഉള്‍പ്പെടെ വിവിധ ഷിപ്പിങ് ലൈനുകള്‍ സര്‍വീസ് റദ്ദാക്കി. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് ഇന്നലെ മുതല്‍ മുന്നറിയിപ്പുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഹോർമുസ് കടലിടുക്ക് പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ നീക്കം നിലച്ചതോടെ രാജ്യാന്തര എണ്ണവില ഉയരുകയാണ്. ബ്രെന്‍റ് ക്രൂഡ് ഓയിലിന് 12 മണിക്കൂറിനിടെ മൂന്ന് ശതമാനത്തോളം വിലകൂടിയിട്ടുണ്ട്. 150ഓളം ടാങ്കറുകൾ പേർഷ്യൻ ഉൾക്കടലില്‍ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ്. സംഘർഷാവസ്ഥ സാമ്പത്തിക മേഖലയേയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി പുറത്തു വന്ന കണക്കുകളനുസരിച്ച് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1, 26, 920 രൂപയാണ്. 24 മണിക്കൂറിനുള്ളിൽ ഒരു ഗ്രാമിന് വർധിച്ചത് 1015 രൂപയാണ്. ജനുവരി 29 ന് രാവിലെ സ്വർണം റെക്കോ‍ർഡ് വിലയായ 1,31,160 രൂപയായിരുന്നു. സാഹചര്യമിങ്ങനെ തുടർന്നാൽ റെക്കോർ‍ഡ് ഭേദിച്ച് സ്വ‍ർണം മുന്നേറുമെന്ന കാര്യത്തിൽ സംശയമില്ല.

സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ‘ഹോര്‍മുസ് കടലിടുക്ക്’ അടയ്ക്കപ്പെടുകയും ചെയ്താല്‍, അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിക്കും. ലോകത്തെ എണ്ണ വിതരണത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാല്‍, ഇന്ത്യയുടെ മൊത്തം പ്രതിമാസ ഇറക്കുമതിയുടെ 50 ശതമാനത്തെയെങ്കിലും അത് നേരിട്ട് ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.