‘വേടൻ നാടിന്റെ സ്വത്താണ്, മോഹൻലാലിനും സുരേഷ്ഗോപിക്കും കിട്ടിയ നീതി ലഭിക്കും’; പുലിപ്പല്ല് കേസിൽ മലക്കം മറിഞ്ഞ് വനം മന്ത്രി

തിരുവനന്തപുരം: റാപ്പർ വേടന്റെ പുലിപ്പല്ല് കേസിൽ നിലപാട് മാ​റ്റി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൊതുസമൂഹത്തിന്റെ വികാരം വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വേടനെ പോലുളള ഒരു പ്രശസ്തനായ ഗായകന്റെ കേസ് കൈകാര്യം ചെയ്യുമ്പോൾ കുറച്ച് കൂടി സൂക്ഷ്മത വേണമായിരുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കേസിൽ എന്തെങ്കിലും നിയമവിരുദ്ധത നടന്നിട്ടുണ്ടോയെന്നും ധാർമികമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.നടൻമാരായ മോഹൻലാലിനും സുരേഷ്‌ഗോപിക്കും കിട്ടിയ നീതി വേടനും ലഭിക്കും. പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുളള ബാദ്ധ്യത വനം വകുപ്പിനുണ്ട്. കേസിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കുന്നതിന് തടസമില്ല. സമൂഹത്തോട് പ്രതിബദ്ധതയുളള ഗായകനാണ്. അദ്ദേഹം നാടിന്റെ സ്വത്താണ്’- മന്ത്രി കൂട്ടിച്ചേർത്തു.എന്നാൽ പുലിപ്പല്ല് കേസിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സമയമുളള മന്ത്രിയുടെ പ്രതികരണം വ്യത്യസ്തമായിരുന്നു.

റാപ്പർ വേടൻ ഫോറസ്റ്റ് ഇന്റലിജെൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്ന ആളാണെന്നും നടപടികൾ കൃത്യമായി ഉണ്ടാകുമെന്നുമാണ് മന്ത്രി അന്ന് പ്രതികരിച്ചിരുന്നത്.അതേസമയം, വേടന്റെ പുലിപ്പല്ല് കേസിൽ തൽക്കാലം തുടരന്വേഷണം ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. വനം മന്ത്രിയുടെ പ്രസ്താവനയിൽ ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിച്ചതായും വിവരമുണ്ട്. വേടനെതിരെ കേസ് എടുത്തത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമായിരുന്നുവെന്നും സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് മന്ത്രിയിൽ നിന്ന് ഉണ്ടായതെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. അറസ്​റ്റിന് ശേഷം മന്ത്രിയും നടപടികളെ പിന്തുണച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *