ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല: അനുശ്രീ

കൊച്ചി: തന്നെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ സങ്കടമുണ്ടെന്ന് നടി അനുശ്രീ. ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായി വേഷം കെട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ് ഈ വിവാദങ്ങളെന്നും ഒരു സുപ്രഭാതത്തില്‍ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കിയെന്നും അനുശ്രീ പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിന് നല്കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. തനിക്കുമേല്‍ വര്‍ഗീയവാദി എന്ന ലേബല്‍ മനപ്പൂര്‍വ്വം ചാര്‍ത്തുകയാണെന്നും അവര്‍ ആരോപിക്കുന്ന രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകയോ അംഗമോ അല്ല താനെന്നും അവരെ പിന്തുണച്ച് എവിടെയും സംസാരിച്ചിട്ടില്ലെന്നും അനുശ്രീ പറഞ്ഞു.
ഞാന്‍ അമ്പലത്തിന്റെ മുറ്റത്ത് ജനിച്ചുവളര്‍ന്ന ആളാണ്. വീടിന് തൊട്ടരികിലാണ് ക്ഷേത്രം. അവിടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഞങ്ങളൊക്കെ തന്നെയാണ് നടത്തുന്നത്. അതിനെ ഒരു പാര്‍ട്ടി പരിപാടിയായല്ല ഞങ്ങള്‍ കാണുന്നത്. സിനിമയിലെത്തിയ ശേഷം തിരക്കുകള്‍ കാരണം കുറച്ചുവര്‍ഷം എനിക്കതില്‍ പങ്കെടുക്കാനായില്ല. നാട്ടിലുണ്ടായിരുന്ന ഒരു വര്‍ഷം ഞാന്‍ പതിവുപോലെ ഘോഷയാത്രയ്ക്ക് പോവുകയും ഭാരതാംബയുടെ വേഷം കെട്ടുകയുമായിരുന്നു. അതൊരു സാധാരണ സംഭവമാണ്. അതിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് സങ്കടമുളള കാര്യമാണ്’-അനുശ്രീ പറഞ്ഞു.