‘ഡോക്‌ടറാകാൻ മോഹിച്ച് പരീക്ഷയെഴുതാൻ പോയി’, കിട്ടിയത് സ്റ്റേഷൻ വാസമെന്ന് വ്യാജ ഹാൾ ടിക്കറ്റ് തട്ടിപ്പിനിരയായ വിദ്യാർത്ഥി

തിരുവനന്തപുരം: ഡോക്‌ടറാകണമെന്ന് മോഹിച്ചാണ് പരീക്ഷ എഴുതാൻ പോയത്, എന്നാൽ ഒരു ദിവസത്തെ പൊലീസ് സ്റ്റേഷൻ വാസമാണ് കിട്ടിയതെന്ന് നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾ ടിക്കറ്റിൽ കുടുങ്ങിയ വിദ്യാർത്ഥി. തിരുവനന്തപുരം പാറശാല സ്വദേശി ഡി ആർ ജിത്തുവിനാണ് (20) അക്ഷയ സെന്റർ ജീവനക്കാരിയുടെ തട്ടിപ്പുമൂലം ഒരുവർഷത്തെ അവസരം നഷ്ടമായത്.

നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇനിയും പഠിക്കുമെന്നും ജിത്തു പറഞ്ഞു. മറ്റ് നിയമപ്രശ്നങ്ങളില്ലെങ്കിൽ നീറ്റ് എഴുതിയെടുത്ത് ഡോക്‌ടറാകുമെന്നും ജിത്തു കൂട്ടിച്ചേർത്തു. പ്ളസ് ടു പൂർത്തിയാക്കിയതിനുശേഷം ജിത്തു നീറ്റ് പരീക്ഷ എഴുതിയിരുന്നു. എന്നാൽ കൃത്യമായ പരീശീലനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞവർഷം ജൂണിൽ തിരുവനന്തപുരത്തെ കോച്ചിംഗ് സെന്ററിൽ ചേർന്നു. നിർദ്ധന കുടുംബം ആയിട്ടും മകനെ വെറ്ററിനറി ഡോക്ടറാക്കണമെന്ന ആഗ്രഹം സഫലമാക്കാൻ ജിത്തുവിന്റെ അമ്മ രമണി രണ്ടര ലക്ഷത്തോളം രൂപയാണ് പരിശീലനത്തിന് മുടക്കിയത്. ഇങ്ങനെയൊരു ചതിയിൽപ്പെടുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.

കാരക്കോണം മെഡിക്കൽ കോളേജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ് മാതാവ് രമണി. രോഗബാധിതനാണ് പിതാവ്. തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷക്കായി എത്തിയിട്ടും അക്ഷയ സെന്റർ ജീവനക്കാരിയുടെ തട്ടിപ്പിനിരയാവുകയായിരുന്നു.അതേസമയം, നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ (20)​ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട പൊലീസ് രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തപ്പോൾത്തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

ഫീസായ 1850 രൂപ വാങ്ങിയെങ്കിലും അപേക്ഷ സമർപ്പിക്കാൻ മറന്നുപോയെന്നും ഹാൾ ടിക്കറ്റ് ചോദിച്ചപ്പോൾ, അഭിറാം എന്ന വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റിൽ തിരിമറി നടത്തിയാണ് ജിത്തുവിന്റെ പേരിൽ തയ്യാറാക്കിയതെന്നും വെളിപ്പെടുത്തി. അത് വാട്ട്സ് ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. അകലെയുള്ള സെന്റർ വച്ചാൽ പരീക്ഷ എഴുതാൻ പോകില്ലെന്ന് ഗ്രീഷ്മ കരുതി. ഗൂഗിളിൽ തിരഞ്ഞപ്പോൾ പത്തനംതിട്ടയിലെ കഴിഞ്ഞ വർഷത്തെ സെന്ററായ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ കണ്ടു. അത് ഹാൾ ടിക്കറ്റിൽ ചേർക്കുകയായിരുന്നു. പക്ഷേ ബാർകോഡും സാക്ഷ്യപത്രവും തിരുത്താനായില്ല. ഇതാണ് തട്ടിപ്പ് പുറത്താകാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *