പാകിസ്താനെതിരെ കടുത്ത നടപടിക്ക് ഐസിസി

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിച്ച പാക്കിസ്ഥാന്‍ തീരുമാനത്തില്‍ കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. മതിയായ കാരണങ്ങള്‍ ഇല്ലാതെ മത്സരം ബഹിഷ്‌കരിച്ച പാകിസ്താനെ ലോകക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കം ആലോചനയിലുണ്ട്. നിര്‍ണായക തീരുമാനം നാളെയോ മറ്റന്നാളോ ചേരുന്ന ഐസിസി ബോര്‍ഡ് യോഗത്തില്‍ എടുക്കും.

പ്രത്യേകിച്ച് കാരണങ്ങള്‍ ഇല്ലാതെ മത്സരം ബഹിഷ്‌കരിക്കാന്‍ ഉള്ള പാക് തീരുമാനം അംഗീകരിക്കാന്‍ ആവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. ഫെബ്രുവരി 15 നാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് എ മത്സരത്തില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടേണ്ടിയിരുന്നത്.

ടൂര്‍ണമെന്റില്‍ കളിക്കുന്നതിനായി പാക് സര്‍ക്കാരിന്റെ അനുമതിക്കായി ടീം കാത്തിരിക്കുകയായിരുന്നു. ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യക്കെതിരെ മത്സരത്തിന് പാകിസ്താന്‍ ഇല്ലെന്ന് പാക് ഭരണകൂടം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബിയുടെ നീക്കം.

ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറിയാല്‍ ഐസിസിയില്‍ നിന്ന് കടുത്ത അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നത്. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.