യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ ഐഡി കാര്‍ഡ് വിവാദം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ ഐഡി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മ്യൂസിയം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് ഉള്‍പ്പടെയുള്ള എട്ട് അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. തിരുവനന്തപുരം ഡിസിപി നിധിന്‍രാജും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തോട് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് ഡിസിപി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത എല്ലാ സ്ഥാനാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും മൊഴിയെടുക്കും. മൊബൈല്‍ ആപ്പ് എന്ത് ലക്ഷ്യം വച്ചാണ് നിര്‍മ്മിച്ചതെന്ന് അന്വേഷിക്കുമെന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിസിപി വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ കത്ത് ഡിജിപി, സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. സംഭവം അന്വേഷിക്കാന്‍ ഡി ജിപിയോട് സഞ്ചയ് കൗള്‍ ആവശ്യപ്പെട്ടിരുന്നു.വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണോയെന്ന് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് എഐസിസിക്കും പരാതി ലഭിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ അതിന് ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാര്‍ എഐസിസിക്ക് കൈമാറി. രാഹുല്‍ ഗാന്ധിയുടെ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉള്‍പ്പെടെയാണിത്.

സിആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത്. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേല്‍വിലാസവും ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയാല്‍ 5 മിനിറ്റിനകം യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡിനെ വെല്ലുന്ന വ്യാജ കാര്‍ഡ് ആപ്പ് വഴി ലഭ്യമാകും. ഇത്തരത്തില്‍ തയ്യാറാക്കുന്ന വ്യാജ പിവിസി കാര്‍ഡില്‍ പ്രിന്റ് എടുക്കാനും കഴിയും. ഇതേ മാതൃകയില്‍ ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *