ബെയ്‌ലിന് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കും; ഇനി ആർക്കും ഇതുപോലെയുണ്ടാകരുത്’

തിരുവനന്തപുരം: സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം നൽകരുതെന്ന അപേക്ഷയുമായി മർദ്ദനത്തിനിരയായ യുവ അഭിഭാഷക ശ്യാമിലി. കോടതി ജാമ്യം നൽകിയാൽ ബെയ്‌ലിൻ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും അവർ പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ഒളിവിലായിരുന്നു ബെയ്‌ലിനെ പൊലീസ് സാഹസികമായി പിടികൂടിയത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നീതി ലഭിച്ചുവെന്നാണ് എന്റെ പൂർണവിശ്വാസം. ബെയ്‌ലിന് ജാമ്യം കൊടുക്കരുത്. അങ്ങനെ ചെയ്താൽ കേസിലെ സാക്ഷികളെ തീർച്ചയായും സ്വാധീനിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യും. ഓഫീസിലെ എത്ര പേർ എനിക്കുവേണ്ടി സാക്ഷി പറയും എന്ന കാര്യത്തിൽ വ്യക്തതയില്ല. തെളിവ് എന്റെ മുഖത്തുണ്ട്. ബാർ അസോസിയേഷന്റെ ഒരു പ്രതിനിധികളും പിന്നീട് വിളിച്ചിട്ടില്ല. ജനറൽ ബോഡിയിൽ എടുത്ത തീരുമാനം എന്താണെന്ന് അറിയില്ല.ഈ വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട ആവശ്യമില്ല. കാരണം എല്ലാ രാഷ്ട്രീയപ്രവർത്തകരും എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കോടതിയിലെ ചില അഭിഭാഷകർ പ്രതിക്കായി സംസാരിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്.

എന്നെ മർദ്ദിച്ചെന്ന് ബെയ്ലിൻ ദാസ് സമ്മതിച്ചുകഴിഞ്ഞു. ഇനി ഇത്തരത്തിൽ ഒരാൾക്കു പോലും അനുഭവമുണ്ടാകരുത്. ആർക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ല’- ശ്യാമിലി പ്രതികരിച്ചു.ചൊവ്വാഴ്ചയാണ് ശ്യാമിലിയെ ബെയ്‌ലിൻ ക്രൂരമായി മർദ്ദിച്ചത്. സംഭവം വഷളായതോടെ ബെയ്‌ലിൻ ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ പിടികൂടാനായി പൊലീസ് വലിയ സമ്മർദ്ദത്തിലായിരുന്നു. ബെയ്‌ലിന്‍ ദാസിന്റെ ഭാര്യയോട് ഇന്നലെ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

അഭിഭാഷകന്റെ ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളും പരിശോധിച്ചിരുന്നു.ബെയ്‌ലിന്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ പൊലീസ് നിരന്തരം പരിശോധന നടത്തുകയും ഒന്നിലധികം തവണ നേരിട്ടെത്തുകയും ചെയ്തിരുന്നു. വലിയ അന്വേഷണങ്ങള്‍ക്ക് ശേഷം സംഭവത്തിന്റെ മൂന്നാം ദിവസമാണ് ബെയ്‌ലിന്‍ ദാസിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരിക്കുന്നത്.പ്രതി സംസ്ഥാനം വിട്ട് പോകാതിരിക്കാന്‍ സംസ്ഥാന വ്യാപകമായി അലര്‍ട്ട് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *