സുപ്രീംകോടതി ഉത്തരവിട്ടാല്‍ ബാര്‍ കോഴ കേസന്വേഷിക്കാന്‍ തയ്യാര്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍കോഴ കേസ് അന്വേഷിക്കാന്‍ സിബിഐ സന്നദ്ധത അറിയിച്ചതായി വിവരം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി അനുവദിച്ചാല്‍ ബാര്‍കോഴ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് കൊച്ചി സിബിഐ യൂണിറ്റിലെ എ.ഷിയാസ് മുഖാന്തരം കേന്ദ് ഏജന്‍സി നിലപാട് അറിയിച്ചത്.

2014ല്‍ കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ സംസ്ഥാനത്തെ 418 ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണമാണ് ബാര്‍ കോഴക്കേസ്. തുടര്‍ന്ന് പി.എല്‍ ജേക്കബ് എന്നയാള്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാടറിയിച്ചത്.

അന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബു ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനും ബാര്‍ ലൈസന്‍സ് തുക കുറയ്ക്കാനും രണ്ട് ഗഡുക്കളായി ഒരു കോടി രൂപ കൈപ്പറ്റിയെന്നും ഈ പണം മന്ത്രിയുടെ ഓഫീസില്‍ വച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി, ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന് 25 ലക്ഷം, എക്സൈസ് മന്ത്രി കെ.ബാബുവിന് 50 ലക്ഷം എന്നിങ്ങനെ 2020ല്‍ ബിജു രമേശ് വെളിപ്പെടുത്തിയതായും കെ.എം മാണിക്കെതിരായ അന്വേഷണം ഇപ്പോള്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന് ഒരു ആരോപണമുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.

ആരോപണമുയര്‍ന്ന ഇവര്‍ക്കെതിരെയും കെ.എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ്(എം) നേതാവുമായ ജോസ് കെ.മാണിയ്ക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു പി.എല്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *