കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍.ചില സാമ്പത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഭരണഘടനാതീത അതോറിറ്റി ഉണ്ടെന്നും, ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് വിടുന്ന തര്‍ക്കങ്ങള്‍ പോലും ഈ അതോറിറ്റിയാണ് പരിഹരിക്കുന്നതെന്നും അഡ്വ. നോബിള്‍ മാത്യു മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
തനിക്കെതിരെ കേസെടുത്ത നിയമവിരുദ്ധമായ നടപടി പോലും തി ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണ്. ആരാണ് ഇവരെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ല. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഹര്‍ജി സര്‍ക്കാരിന്റെ നിലപാട് തേടി ആഗസ്റ്റ് 17ന് മാറ്റി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടില്ല.
വ്യാജപുരാവസ്തു തട്ടിപ്പുകേസില്‍ 2021 സെപ്തംബര്‍ 25നാണ് മോന്‍സണ്‍ അറസ്റ്റിലായത്. ഐ.ജി ലക്ഷ്മണിനെ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് ജൂണ്‍ ഒമ്പതിന് എറണാകുളം അഡി. സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. ലക്ഷ്മണിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.