അനധികൃത പരോള്‍: സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി വി.ഡി. സതീശന്

ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃതമായി പരോള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്തെത്തി.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ മൂന്ന് വര്‍ഷത്തിലധികം സമയം ജയില്‍ പുറത്ത് കഴിഞ്ഞുവെന്ന് വി.ഡി. സതീശന് ആരോപിച്ചു. സിപിഐഎമ്മിന് വേണ്ടി കൊല നടത്തിയവര്‍ക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് പരോള്‍ അനുവദിക്കുകയാണെന്നും, കൊടും ക്രിമിനലുകള്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തടവുകാര്‍ക്കുള്ള പ്രത്യേക നിയമങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണെന്നും, വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറിയതായും സതീശന് ആരോപിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി നല്കിയ വിശദീകരണം പൂര്‍ണമായും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ പോലും മടിക്കാത്ത പ്രതികളെ പരോളില്‍ പുറത്തിറക്കുന്നത് കുഞ്ഞികൃഷ്ണനെ വധിക്കാനുള്ള ശ്രമമാണോയെന്ന സംശയവും അദ്ദേഹം ഉയര്‍ത്തി. ഈ വിഷയത്തിന് അതീവ ഗൗരവമുണ്ടെന്നും, സിപിഐഎം നേതാക്കളുടെ ഇടപെടലിലൂടെയാണ് പ്രതികളെ പുറത്തിറക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.