നായികയാകാന്‍ പറ്റിയ ആളല്ല ഞാന്‍; ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗ്രേസ് ആന്റണി . കോമഡി റോളുകളും കാരക്ടര്‍ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി കൂടിയാണ് ഗ്രേസ്. പറന്ത് പോ എന്ന ചിത്രമാണ് ഗ്രേസിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ജൂലൈ നാലിനാണ് ചിത്രം തിയറ്ററുകളിലെത്തുക. പൊതുവേ കണ്ടുവരുന്ന നായിക സങ്കല്പങ്ങള്‍ക്ക് യോജിച്ച ആളല്ല താനെന്ന് പറയുകയാണിപ്പോള്‍ ഗ്രേസ്.

‘കോമഡി വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. എന്നാല്‍ നമ്മുടെ സിനിമകളില്‍ പൊതുവേ കണ്ടുവരുന്ന തരത്തിലുള്ള ടിപ്പിക്കല്‍ നായിക വേഷങ്ങള്‍ എനിക്ക് യോജിക്കില്ല.

പ്രായമുള്ള അല്ലെങ്കില്‍ ദുര്‍ബലരായ കഥാപാത്രങ്ങളൊക്കെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്റെ കഴിവുകളും പരിമിതികളുമൊക്കെ എന്താണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ എനിക്ക് കാരക്ടര്‍ റോളുകളും കോമഡി വേഷങ്ങളുമൊക്കെ ചെയ്യാനാണ് കൂടുതല്‍ താല്പര്യം. മാത്രമല്ല, ഭാഗ്യം കൊണ്ട് മലയാള സിനിമയില്‍ ഇതുവരെ നായിക എന്ന് പറയുന്നത് വെറും ഗ്ലാമര്‍ കാണിക്കാന്‍ മാത്രമുള്ള ഒരു പാവയായി ചുരുങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ നായികയും സ്ത്രീ കേന്ദ്രീകൃത വേഷങ്ങളും തമ്മില്‍ വലിയ അന്തരമില്ല’. -ഗ്രേസ് ആന്റണി പറഞ്ഞു.

അഭിനയത്തിന് പുറമേ താനൊരു ഭരതനാട്യം നര്‍ത്തകി കൂടിയാണെന്നും നൃത്തം തന്റെ അഭിനയ ജീവിതത്തെ വളരെ സഹായിച്ചിട്ടുണ്ടെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. സ്റ്റേജില്‍ കയറാനുള്ള എന്റെ പേടി മാറ്റിയത് നൃത്തമാണ്. എനിക്ക് നല്ല മെയ്വഴക്കമുണ്ടായി. അത് ശരിക്കും അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ആത്മവിശ്വാസം കൂട്ടിയെന്ന് വേണം പറയാന്‍ എന്നും ഗ്രേസ് പറഞ്ഞു.