പാകിസ്ഥാന് 8500 കോടിയുടെ സഹായം നൽകി ഐഎംഎഫ്; പ്രതിഷേധിച്ച് ഇന്ത്യ

കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നൽകി അന്താരാഷ്ട്ര നാണയ നിധിക്കെതിരെ(ഐഎംഎഫ്) ഇന്ത്യ വലിയ പ്രതിഷേധമറിയിച്ചിരുന്നു. പാകിസ്ഥാന് ധനസഹായം നൽകിയയത് എല്ലാ ഉപാധികളും പാലിതിനാലാണെന്നാണ് ഐഎംഎഫ് ന്യായീകരണം. വായ്പാ ഗഡു ലഭിക്കുന്നതിന് പാകിസ്ഥാൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, പദ്ധതി പ്രകാരമുള്ള ലക്ഷ്യങ്ങൾ പാകിസ്ഥാൻ കൈവരിച്ചിട്ടുണ്ടെന്നുമാണ് ഐഎംഎഫ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജൂലി കൊസാക്ക് വിശദീകരിച്ചത്.

2024 സെപ്റ്റംബറിൽ അംഗീകരിച്ച എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി പ്രകാരമുള്ള പാക്കേജിന്റെ ഭാഗമാണ് ഈ തുക. ആകെ 7 ബില്യൺ ഡോളറാണ് പാക്കേജ്. ഇതുവരെ പാകിസ്ഥാന് 2.1 ബില്യൺ ഡോളർ ലഭിച്ചിട്ടുണ്ട്. അവലോകനം നടത്തി പാകിസ്ഥാൻ ഫണ്ട് വിനിയോഗത്തിലും പദ്ധതി നിർവഹണത്തിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് രണ്ടാം ഘടുവായി 8,500 കോടി രൂപ നൽകിയതെന്ന് ഐഎംഎഫ് അറിയിച്ചു.

ഐഎംഎഫ് ഫണ്ട് പോകുന്നത് പാക് സെന്‍ട്രൽ ബാങ്കിലേക്കാണ്. സർക്കാരിന് നേരിട്ട് ചിലവഴിക്കാനാവില്ല. ഈ ഫണ്ടുകൾ സർക്കാരിന്‍റെ ബജറ്റ് വിനിയോഗത്തിനായി ഉപയോഗിക്കുന്നില്ല. കേന്ദ്ര ബാങ്കിൽ നിന്ന് സർക്കാരിന് വായ്പ നൽകുന്നതിന് പരിധിയില്ല. ധനകാര്യ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. പദ്ധതി നിർവഹണത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടാൽ ധനസഹായം ലഭിക്കുന്നതിനെ ബാധിക്കുമെന്നും ജൂലി കൊസാക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു നൽകുന്നതിന് 11 ഉപാധികള്‍ ഐഎംഎഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. വാർഷിക ബജറ്റ് 17.6 ട്രില്യണ്‍ രൂപയായി ഉയർത്തണമെന്നതാണ് ആദ്യത്തേത്. വികസന ചെലവിനായി 1.07ട്രില്യണ്‍ രൂപ വകയിരുത്തണം.വൈദ്യുതി ബില്ലുകളുടെ സേവന ചാർജിൽ വർധന വേണമെന്നും പ്രതിരോധ ചെലവില്‍ സുതാര്യത വേണമെന്നും ഉപാധികൾ വച്ചിട്ടുണ്ട്.

പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളിൽ നിന്നും വിട്ടു നിന്നിരുന്നു. പാകിസ്ഥാന് നൽകുന്ന വായ്‌പ ലഭിക്കുന്നത് ഭീകരർക്കാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന് നൽകുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുവെന്നും ഇന്ത്യ ഐഎംഎഫ് യോഗത്തിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *