പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ഇടതുമുന്നണിയില്‍ നിന്ന് ലഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം.

കോട്ടയം: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ഇടതുമുന്നണിയില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരള കോണ്‍ഗ്രസ് എം. കോട്ടയത്തിനു പുറമേ രണ്ട് സീറ്റുകള്‍ അധികമായി വേണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കാന്‍ ഇന്നലെ കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി. കൂടുതല്‍ സീറ്റ് കിട്ടാന്‍ കേരള കോണ്‍ഗ്രസിന് യോഗ്യതയുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
സിറ്റിങ്ങ് സീറ്റായ കോട്ടയം കേരള കോണ്‍ഗ്രസ് എമ്മിന് തന്നെയെന്ന് നേരത്തെ സിപിഎം ഉറപ്പു കൊടുത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിനു പുറമേ ഒരു സീറ്റ് കൂടി നല്‍കാന്‍ ഇടതുമുന്നണി തയ്യാറാകും എന്ന പ്രതീക്ഷയിലാണ് മാണി ഗ്രൂപ്പ്. ഉന്നത സിപിഎം നേതാക്കളില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ ചില ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി കോട്ടയത്ത് ചേര്‍ന്ന ഹൈപ്പവര്‍ കമ്മിറ്റി യോഗത്തെ അറിയിച്ചു. പത്തനംതിട്ട , ചാലക്കുടി, വടകര എന്നീ സീറ്റുകളില്‍ ഒന്നാണ് കേരള കോണ്‍ഗ്രസ് അധികമായി ലക്ഷ്യമിടുന്നത്. ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലെ 3 നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് എംഎല്‍എമാര്‍ ഉണ്ട് എന്നതാണ് പത്തനംതിട്ട ആവശ്യപ്പെടാനുള്ള കാരണം.
ക്രൈസ്തവ വോട്ടുകള്‍ക്ക് പ്രാമുഖ്യം ഉള്ള മണ്ഡലം എന്ന നിലയിലാണ് ചാലക്കുടിയിലേക്ക് കേരള കോണ്‍ഗ്രസ് എം കണ്ണെറിയുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ പ്രധാനിയും മലബാറില്‍ നിന്നുള്ള പ്രമുഖ നേതാവുമായ മുഹമ്മദ് ഇക്ബാലിന് വേണ്ടിയാണ് വടകര സീറ്റും മോഹപ്പട്ടികയിലേക്ക് കേരള കോണ്‍ഗ്രസ് എം ചേര്‍ക്കുന്നത്.ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാമെന്നും അവിടെ പൊതുസ്വതന്ത്രനായി ജോയ്‌സ് ജോര്‍ജിനെ വീണ്ടും മത്സരിപ്പിക്കണമെന്നും ഉള്ള നിര്‍ദ്ദേശം സിപിഎമ്മില്‍ നിന്ന് ഉയര്‍ന്നെങ്കിലും മാണി ഗ്രൂപ്പ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ജോയ്‌സ് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിച്ചാല്‍ മാത്രം അംഗീകരിക്കാം എന്ന നിലപാടിലാണ് നേതൃത്വം.
കോട്ടയത്ത് സിറ്റിംഗ് എംപി തോമസ് ചാഴികാടന്‍ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഹൈപ്പവര്‍ കമ്മിറ്റി യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി തയ്യാറായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പാര്‍ട്ടിക്ക് സ്വാധീനമുള്ള മലയോര മേഖലകളില്‍ വന്യജീവി ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കാനും കോട്ടയത്തുചേര്‍ന്ന ഹൈപവര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി.