കേരളമനസാക്ഷിയെ സ്വാധീനിച്ച കേസുകളില്‍ ഒന്നായിരുന്നു സിസ്റ്റര്‍ അഭയുടെ കൊലപാതകം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ 2020 ഡിസംബര്‍ 23ന് ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചു.
അഭയ കൊലക്കേസിലെ വാദിഭാഗം നിര്‍ണായക സാക്ഷിയാണ് ഇന്ന് മരണപ്പെട്ട ഡോ. പി രമ. ജഗദീഷിന്റെ ഭാര്യയെന്ന നിലയിലായിരുന്ന മരണവാര്‍ത്തയും മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ അഭയകേസില്‍ ഒരു ഡോക്ടര്‍ എന്നതില്‍ കവിഞ്ഞ് മറ്റൊരു വിവരങ്ങളും രമയെ സംബന്ധിച്ച് വിചാരണ വേളയില്‍ പുറത്തു വന്നിരുന്നില്ല. നടന്‍ ജഗദീഷിന്റെ ഭാര്യയായിരുന്നു അവര്‍ എന്നുള്ള വിവരം ചിലര്‍ക്ക് മാത്രമേ അറിയാവുന്നുളളുവായിരുന്നു. പ്രശസ്തി അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് കേസിലെ മൂന്നാം പ്രതി സെഫി കൃത്രിമമായി കന്യാചര്‍മ്മം ഓപ്പറേഷന്‍ നടത്തി തുന്നിചേര്‍ത്തത് തന്റെ പരിശോധനയില്‍ തെളിഞ്ഞതായി ഡോ.രമ സിബിഐ ക്ക് ധൈര്യപൂര്‍വ്വം മൊഴി നല്‍കിയിരുന്നു. രാജ്യത്ത് അപൂര്‍വ്വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി എന്ന ഓപ്പറേഷന്‍ സെഫി നടത്തിയെന്നായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അന്ന് ജോലി ചെയ്തിരുന്ന ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയത്. ഈ കേസില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവായിരുന്നു ഡോ: രമയുടെ ഭാഗത്തുനിന്നും അന്നുണ്ടായത്.
കേസിന്റെ അവസാന നാളുകളില്‍ അസുഖബാധിതയായി കിടപ്പിലായിരുന്ന ഡോ: രമയ്ക്ക് എതിരെ പ്രതിഭാഗം കോടതിയില്‍ ശക്തമായി രംഗത്ത് വന്നിരുന്നു.
സാക്ഷി മൊഴി നല്‍കാന്‍ കോടതിയില്ലെത്താന്‍ കഴിയാതിരുന്നതിനാല്‍ അന്ന് ഡോ. രമയുടെ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് സാക്ഷി മൊഴി രേഖപ്പെടുത്തിയത്.