ആലപ്പുഴ: ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ച യുത്ത്കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നടപടി വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറാണ് പ്രവര്‍ത്തകരെ മര്‍ദിച്ചത്.പൊലീസ് ഉണ്ടായിട്ടും ഗണ്‍മാന്‍ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്‍മാന്റെ ചുമതല. പ്രവര്‍ത്തകരെ തല്ലാനുള്ള അധികാരം ഗണ്‍മാന് ഇല്ലെന്നാണ് വാദം.
നവകേരസദസ് തുടങ്ങിയതിന് ശേഷം ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ ഗണ്‍മാന് എതിരെ വിമര്‍ശനം ഉയരുന്നത്. മുന്‍പ് പെരുമ്പാവൂരിലും ഉണ്ടായി. ഇത് കൂടാതെ ഇടുക്കിയില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകനെ തള്ളി മാറ്റിയതും ഈ ഗണ്‍മാനാണ്.ആലപ്പുഴ കൈതവന ജംഗ്ഷനില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രതിഷേധവുമായി യുത്ത്കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങി ഗണ്‍മാന്‍ ഇവരെ മര്‍ദിക്കുകയായിരുന്നു.
പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനു നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് ഒരു സംഘം ആക്രമിച്ചു. ഭാര്യയെ കൈയേറ്റം ചെയ്തു. വീട്ടുസാധനങ്ങള്‍ തല്ലിത്തകര്‍ത്തു. കൈതവനയിലാണ് സംഭവം. ആലപ്പുഴ ജനറല്‍ ആശുപത്രിക്കു സമീപം കരിങ്കൊടി കാട്ടിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു ജില്ലാപ്രസിഡന്റ് എ.ഡി.തോമസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.