തുഷാര കൊലക്കേസില്‍ ഭര്‍ത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ

കൊല്ലം തുഷാര കൊലക്കേസില്‍ ഭര്‍ത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. സ്ത്രീധനത്തിന്റെ പേരില്‍ 28കാരിയായ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി എന്നാണ് കേസ്. ആസൂത്രിതമായ കൊലപാതകമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കൊലപാതകം നടപ്പാക്കിയത്. ദിവസങ്ങളോളം തുഷാര നരകയാതന അനുഭവിച്ചു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സമൂഹത്തിന് സന്ദേശം നല്‍കുന്നതാകാണം വിധിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ജുഡീഷ്യറിയെ പോലും ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ് അരങ്ങേറിയതെന്നാണ് വിചാരണ വേളയില്‍ കോടതിയുടെ കണ്ടെത്തല്‍. പട്ടിണിക്കിട്ടില്ലെന്നും തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു പ്രതികള്‍ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷി മൊഴികളും തുഷാര മരണപ്പെട്ടത് പട്ടിണി കിടന്നാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു. മരിക്കുമ്പോള്‍ 21 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം.

രാജ്യത്തെ തന്നെ ഏറ്റവും ക്രൂരമായ സ്ത്രീധന പീഡന കൊലപാതകങ്ങളില്‍ ഒന്നാണ് തുഷാര വധക്കേസ്. 2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നിരുന്നു.സ്ത്രീധനത്തിന്റെ പേരില്‍ മൂന്നാം മാസം മുതല്‍ തുഷാരയെയും കുടുംബത്തെയും ഭര്‍ത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. പഞ്ചസാര വെളളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരക്ക് നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *