തിരുവനന്തപുരത്ത് ബിജെപിക്ക് കേന്ദ്രത്തില്‍ നിന്നുള്ള വിഐപി, സിപിഐ കരുത്തനെ ഇറക്കിയേക്കും

തിരുവനന്തപുരം: കേരളത്തില്‍ മത്സരിക്കുന്ന നാലില്‍ മൂന്ന് സീറ്റുകള്‍ക്കും കൈവന്നിരിക്കുന്ന ദേശീയ പ്രാധാന്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. അടുത്ത മാസം ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടേക്കും.

തിരുവനന്തപുരം, തൃശൂര്‍ സീറ്റുകളില്‍ ബി.ജെ.പിയും കടുപ്പിക്കുന്നതോടെ, ശക്തമായ ത്രികോണ മത്സരത്തിനാവും സാദ്ധ്യത. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.പി ശശി തരൂര്‍ പ്രചാരണ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള വി.വി.ഐ.പിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെങ്കില്‍ ദേശീയ ശ്രദ്ധ കൂടും. കഴിഞ്ഞ രണ്ട് തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സി.പിഐ ഇത്തവണ കൂടുതല്‍ കരുത്തനെ പോരിനിറക്കിയേക്കും. തൃശൂരില്‍ നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ മുന്‍നിറുത്തിയാണ് ബി.ജെ.പി പോര്‍മുഖം തുറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിച്ചാണ് മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

വി.എസ്. സുനില്‍ കുമാര്‍, കെ.പി. രാജേന്ദ്രന്‍ തുടങ്ങിയ പരിചയസമ്പന്നരടക്കമുള്ള നേതൃനിര അവിടെ സി.പി.ഐക്കുണ്ട്. കോണ്‍ഗ്രസിന് വേണ്ടി നിലവിലെ എം.പി ടി.എന്‍. പ്രതാപന്‍ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.വയനാട്ടില്‍ ഇന്ത്യാ മുന്നണിക്ക് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് നിലവിലെ എം.പി. അദ്ദേഹം തന്നെ മത്സരത്തിനിറങ്ങുമെന്ന് ഏറക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസായിരുന്നു അവിടെ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ മൂന്ന് തവണയും സി.പി.ഐ അവിടെ രണ്ടാമതെത്തിയിരുന്നു. മവേലിക്കരയില്‍ ഇത്തവണ സി.പി.ഐയില്‍ പുതുമുഖത്തിനും സാധ്യത ഉരിത്തിരിയുന്നുണ്ട്. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് വീണ്ടും മാറ്റുരയ്ക്കും

 

Leave a Reply

Your email address will not be published. Required fields are marked *