അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; അസാധാരണ മരണമെന്ന് വനം മന്ത്രി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മുംബൈയിലുള്ള മന്ത്രി, സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അതിരപ്പിള്ളിയിലേത് ‘അസാധാരണ മരണങ്ങള്‍’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇതേ വാര്‍ത്താക്കുറിപ്പില്‍ തന്നെയാണ് മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞിരിക്കുന്നത്.

വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. ഇവരില്‍ സതീശന്റെ തലയ്ക്ക് ആനയുടെ ചവിട്ടേറ്റ് പരുക്കുണ്ട്. അംബികയുടെ മൃതദേഹം വെള്ളത്തില്‍ നിന്നാണ് കിട്ടിയത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിനകത്ത് കുടില്‍കെട്ടി താമസിച്ച നാല് പേരാണ് ഇന്നലെ കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെട്ടത്. മഞ്ഞക്കൊമ്പന്‍ എന്ന് വിളിക്കുന്ന മദപ്പാടുള്ള കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വിവരം. സതീശനെ ആക്രമിച്ചപ്പോള്‍ മറ്റ് മൂന്ന് പേരും വെള്ളത്തിലേക്ക് എടുത്തുചാടിയെന്നാണ് ലഭിക്കുന്ന വിവരം. ഈ സംഭവത്തിലാണ് ‘അസാധാരണ മരണം’ എന്ന് വനം മന്ത്രി പറയുന്നത്.

മന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്

തൃശ്ശൂര്‍ അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വന മേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

തൃശ്ശൂര്‍ വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക ദമ്പതികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതില്‍, സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരം പോലീസ് എത്തി പുഴയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷിച്ചു വരുന്നു. മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *